ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നിർണായകയോഗം നാളെ. ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് യോഗം ചേരുക. യോഗത്തിൽ നിന്ന് ഡിഎംകെ വിട്ടു നിൽക്കും.
കോൺഗ്രസിനെതിരെയുള്ള അതൃപ്തി സിപിഐഎം നേരിട്ട് അറിയിക്കും. 23 പാർട്ടികൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഇന്ത്യ സഖ്യം എന്നും ഐക്യത്തോടെ നിലകൊള്ളുന്നു എന്ന് ജയറാം രമേശ് പറഞ്ഞു.
ചിലർ തിരക്കുകൾ മൂലം അസൗകര്യം അറിയിച്ചു. എന്നാൽ എല്ലാവരും NDA സർക്കാരിന്റെ നയങ്ങളോടും നടപടികളോടും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു.
കടുത്ത ഭിന്നതകൾക്കിടയിലാണ് ഡൽഹിയിൽ നാളെ ഇന്ത്യ സഖ്യം യോഗം ചേരുന്നത്. മുന്നണി മര്യാദ പാലിക്കാതെ കോൺഗ്രസ് എടുത്ത തീരുമാനങ്ങളാണ് ഡിഎംകെയിലും ജെഎംഎമ്മിലും സിപിഐഎമ്മിലും അതൃപ്തി പുകയാൻ കാരണം. തമിഴ്നാട്ടിലെ കോൺഗ്രസിന്റെ സഖ്യമാറ്റത്തിൽ പ്രതിഷേധിച്ച് ഡിഎംകെ യോഗത്തിൽ നിന്നും വിട്ടുനിൽക്കും. എൻസിപി ശരത് പവാർ പക്ഷവും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും പങ്കെടുത്തേക്കില്ല. കേരളത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്ന് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പ്രചരണം നടത്തിയതിൽ കോൺഗ്രസിനോട് സിപിഐഎം ദേശീയ നേതൃത്വം വിശദീകരണം തേടി.
സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എംപി പങ്കെടുക്കും. സിപിഐയുടെ ജനറൽ സെക്രട്ടറി ഡി രാജയാണ് യോഗത്തിൽ പങ്കെടുക്കുക. ജാർഖണ്ഡിൽ രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ കോൺഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ ജെഎംഎം അതൃപ്തി അറിയിച്ചു. 23 പാർട്ടികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് ജയറാം രമേഷ് അറിയിച്ചു. ടിഎംസിയുടെ ഭാഗമായി മമതാ ബാനർജിയും അഭിഷേക് ബാനർജിയും പങ്കെടുക്കും. ഇന്ത്യാസഖ്യം സാങ്കല്പികം എന്ന് പരിഹസിച്ച് ബിജെപിയും രംഗത്തെത്തി.
