തിരുവനന്തപുരം: കേരളത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 6199 പേർക്കെതിരെ കേസെടുത്തു. ഒക്ടോബർ 13 മുതൽ 17 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും നിയമലംഘകരെ കണ്ടെത്തിയത്. ഏറ്റവും കൂടുതൽ കേസുകൾ എറണാകുളം റൂറലിലാണ് രജിസ്റ്റർ ചെയ്തത് — 710 എണ്ണം. തിരുവനന്തപുരം റൂറലിൽ 497 കേസുകളും കോട്ടയത്ത് 456 കേസുകളും റിപ്പോർട്ട് ചെയ്തു. ഏറ്റവും കുറവ് കേസുകൾ കാസർഗോഡിലാണ്; 75 എണ്ണം. മദ്യപിച്ച് വാഹനമോടിക്കുന്നത് അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എഡിജിപി പി. വിജയൻ അറിയിച്ചു. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. മദ്യപിച്ച ശേഷം വാഹനമോടിക്കരുതെന്നും റോഡ് സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


