റിയാദ്: സൗദി അറേബ്യയിൽ നിരോധിത മരുന്നുകൾ കൈവശം വെച്ചെന്നാരോപിച്ച് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത മലയാളി നഴ്സിനെ അധികൃതർ വിട്ടയച്ചു. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി–ശെൽവി ദമ്പതികളുടെ മകൾ ഫിലോമിനയാണ് മോചിതയായത്. പിടിച്ചെടുത്ത മരുന്നുകൾ ലഹരിമരുന്നുകളുടെ ഗണത്തിൽപ്പെടുന്നില്ലെന്ന് ലാബ് പരിശോധനയിൽ വ്യക്തമായതോടെയാണ് മോചനം.
റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ് ഫിലോമിന. നാട്ടിൽ വാർഷികാവധി ചെലവഴിച്ചശേഷം ജോലിയിൽ തിരികെ പ്രവേശിക്കുന്നതിനായി ഈ മാസം 10നാണ് ഇവർ സൗദിയിലേക്ക് യാത്ര തിരിച്ചത്.
ബെംഗളൂരുവിൽനിന്നുള്ള വിമാനത്തിൽ ജിദ്ദയിലെത്തിയ ഫിലോമിന അവിടെനിന്ന് കണക്ഷൻ വിമാനത്തിൽ റിയാദിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, ജിദ്ദ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയ്ക്കിടെ കൈവശമുണ്ടായിരുന്ന മരുന്നുകൾ നിരോധിത വിഭാഗത്തിൽപ്പെടുന്നതാണെന്ന സംശയത്തെ തുടർന്ന് അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മരുന്നുകളുടെ ശാസ്ത്രീയ പരിശോധനയിൽ അവ ലഹരിമരുന്നുകളുടെ ഗണത്തിൽപ്പെടുന്നില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഫിലോമിനയെ വിട്ടയച്ചത്. സംഭവത്തെ തുടർന്ന് കുടുംബാംഗങ്ങൾ ആശങ്കയിലായിരുന്നു.



