ചെന്നൈ: തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹം. തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള പടിയിറക്കത്തിന് പിന്നാലെയാണ് പുതിയ പാർട്ടി ചർച്ച സജീവമായത്. അണ്ണാമലൈയുടെ അനുയായികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പുതിയ പാർട്ടിക്കായുള്ള പേരുകളും പതാകയും പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്. പുതിയ പാർട്ടി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ച്ച ഉണ്ടാകുമെന്നാണ് അനുയായികൾ അവകാശപ്പെടുന്നത്. ‘മക്കൾ ശക്തി‘ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര് എന്നാണ് അഭ്യൂഹം.
എന്നാൽ, വിഷയത്തിൽ അണ്ണാമലൈ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതിനിടെ, അണ്ണാമലൈ ഉടൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. വിദേശത്ത് നിന്ന് ഇന്നലെയാണ് അണ്ണാമലൈ തിരിച്ചെത്തിയത്. ഈയാഴ്ച അണ്ണാമലൈ രജനികാന്തിനെ കാണുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടിൽ ഒരു പുതിയ പാർട്ടി വരുന്നതായി കോൺഗ്രസ് എംപി കാർത്തി ചിദംബരവും പ്രതികരിച്ചു.
സമീപകാലത്ത് അണ്ണാമലൈ സ്വീകരിച്ച ചില നിലപാടുകൾ പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കമാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് കാരണമായിരുന്നു. സിബിഎസ്ഇ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി കൊണ്ടുവന്ന ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള തീരുമാനത്തെ അദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു. ഇതിനുപുറമെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്ത്’ പരിപാടിയെക്കുറിച്ച് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ കുറിപ്പുകൾ പങ്കുവെക്കാതിരുന്നതും രാഷ്ട്രീയ നിരീക്ഷകരുടെയും അനുയായികളുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
