ജിദ്ദ: പ്രവാചക നഗരിയിലേക്ക് ഹാജിമാരുടെ ഒഴുക്ക് തുടരുന്ന പശ്ചാത്തലത്തിൽ മസ്ജിദുന്നബവിയിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും വിപുലമായ അടിയന്തര മെഡിക്കൽ സേവനങ്ങളൊരുക്കി സൗദി റെഡ് ക്രെസന്റ് അതോറിറ്റി . തീർഥാടകരുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തി വിപുലമായ പ്രവർത്തന പ്ലാനാണ് മദീനയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഉയർന്ന അടിയന്തര മെഡിക്കൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രോഗികൾക്കും പ്രായമായവർക്കും അതിവേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. തീർഥാടകരെ സഹായിക്കാനായി പ്രത്യേക ആംബുലൻസ് സംഘങ്ങൾ, റാപ്പിഡ് റെസ്‌പോൺസ് യൂണിറ്റുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഗോൾഫ് കാർട്ടുകൾ എന്നിവ വിന്യസിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ രോഗികളെ അതിവേഗം ആശുപത്രികളിൽ എത്തിക്കുന്നതിനായി എയർ ആംബുലൻസ് സംവിധാനവും പൂർണ സജ്ജമാണ്. ഉയർന്ന ഗുണനിലവാരമുള്ള ആംബുലൻസ് സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കാൻ മറ്റ് സുരക്ഷാ-അടിയന്തര റെസ്‌പോൺസ് ഏജൻസികളുമായി ചേർന്നാണ് റെഡ് ക്രെസന്റ് പ്രവർത്തിക്കുന്നതെന്ന് അതോറിറ്റിയുടെ മദീന ബ്രാഞ്ച് ഡയറക്ടർ ഡോ. അഹമ്മദ് ബിൻ അലി അൽ സഹ്റാനി വ്യക്തമാക്കി. ഹാജിമാർക്ക് പുണ്യഭൂമിയിലെ താമസം സുരക്ഷിതമാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും അതോറിറ്റി ഉറപ്പാക്കിയിട്ടുണ്ട്.
മദീനയിലെത്തുന്ന തീർഥാടകർക്കായി അത്യാധുനിക മെഡിക്കൽ സജ്ജീകരണങ്ങൾ
