തൃശ്ശൂർ: വ്യാപിക്കുന്ന സൈബർ തട്ടിപ്പുകളിലൊന്നായി വ്യാജ ആർ.ടി.ഒ. ചെലാന്റെ പേരിൽ നടക്കുന്ന നെറ്റ്‌വർക്കിങ് തട്ടിപ്പും. വാട്സ് ആപ്പ് സന്ദേശങ്ങളിലൂടെ ചതിയൊളിപ്പിച്ച ആപ്പുകൾ അയച്ച്, ഫോണിന്റെ പൂർണനിയന്ത്രണം കൈക്കലാക്കി ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടുന്നതാണ് പ്രവർത്തനരീതി.
സൈബർ സംഘങ്ങൾ ആദ്യം ട്രാഫിക് ചെലാൻ, ആർ.ടി.ഒ. നോട്ടീസ്, പിഴ അടയ്ക്കുക എന്നീ തലക്കെട്ടുകളോടെ ചില ഫയലുകൾ ഉപയോക്താക്കൾക്ക് അയയ്ക്കുന്നു. ഈ ലിങ്ക് തുറന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം തന്നെ, ഫോണിലെ കോൺടാക്ട്, മെസേജുകൾ, ബാങ്കിങ് വിവരങ്ങൾ എന്നിവയിലേക്ക് തട്ടിപ്പുകാർ പ്രവേശനം നേടുന്നു.
ഇതിനുപിന്നാലെ, ഉപയോക്താവിന്റെ ഫോണിലെ ഇന്റർനെറ്റ് ബാങ്കിങ് ആപ്പുകൾ ഉപയോഗിച്ച് അക്കൗണ്ടിൽനിന്ന് പണം കൈമാറ്റം ചെയ്യുകയും ഒ.ടി.പി. ഉൾപ്പെടെയുള്ള സുരക്ഷാ വിവരങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നു. പലപ്പോഴും ഉപയോക്താവിന് അറിവില്ലാതെ തന്നെ ഇടപാടുകൾ നടക്കുന്നു. കൂടുതൽ ഭീഷണിയാകുന്നത്, ഈ ആപ്പിന്റെ സ്വയം വ്യാപിക്കുന്ന സ്വഭാവമാണ്. ബാധിതന്റെ അക്കൗണ്ടിലൂടെ തന്നെ, കോൺടാക്ട് ലിസ്റ്റിലെയും ഗ്രൂപ്പുകളിലെയും എല്ലാവർക്കും ഇതേ തട്ടിപ്പ് ലിങ്ക് അയയ്ക്കുന്നു. ഇതോടെ നെറ്റ്‌വർക്കിങ് മാതൃകയിൽ തട്ടിപ്പ് പടരുന്നു
