വിപണി കീഴടക്കാൻ തേനിന്റെ മധുരമുള്ള സൗദി മുന്തിരി; വാർഷിക ഉത്പാദനം 3,000 ടൺ കടന്നു

റിയാദ്: തനതായ രുചിയും മികച്ച ഗുണമേന്മയുമായി പ്രശസ്തമായ നജ്റാൻ മുന്തിരികൾ ഈ സീസണിലും വിപണി കീഴടക്കാൻ എത്തിക്കഴിഞ്ഞു. നജ്റാൻ മേഖലയിലെ വിവിധ ഗവർണറേറ്റുകളിൽ കർഷകർ വിളവെടുപ്പ് സജീവമാക്കിയതോടെ പ്രാദേശിക വിപണികൾ ഇപ്പോൾ മധുര സമൃദ്ധിയിലാണ്.

കനത്ത ചൂടിനിടയിലും നജ്റാനിലെ അനുകൂലമായ കാലാവസ്ഥയും സവിശേഷമായ ഭൂപ്രകൃതിയുമാണ് ഇത്തവണയും മരുഭൂമിയിൽ ഈ മധുരവിപ്ലവം സാധ്യമാക്കിയത്. ഗുണമേന്മയിലും സ്വാദിലും ഏറെ മുന്നിൽ നിൽക്കുന്ന കറുപ്പ്, പച്ച ഇനങ്ങളിൽപ്പെട്ട മുന്തിരികളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. നജ്റാൻ നഗരത്തിലും പരിസര പ്രദേശങ്ങളിലെ കാർഷിക ഗ്രാമങ്ങളിലുമുള്ള തോട്ടങ്ങളിൽ നിന്ന് വലിപ്പമേറിയതും സ്വാദേറിയതുമായ മുന്തിരിപ്പഴങ്ങൾ വിപണിയിലേക്ക് ഒഴുകുകയാണ്.

പ്രതിവർഷം 3,000 ടണ്ണിലധികം മുന്തിരിയാണ് നജ്റാനിൽ നിന്ന് മാത്രം ഇപ്പോൾ വിപണിയിലെത്തുന്നത്. മാസങ്ങളോളം നീണ്ട കഠിനാധ്വാനം, ശാസ്ത്രീയമായ ജലസേചനം, കൃത്യമായ കീടനിയന്ത്രണം എന്നിവയ്ക്ക് ശേഷം കർഷകരുടെ സ്വപ്നങ്ങൾ പൂവണിഞ്ഞ കാലയളവാണിത്. കൃഷി സുസ്ഥിരമാക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം നൽകുന്ന ആധുനിക മാർഗ്ഗനിർദ്ദേശങ്ങളും ബോധവൽക്കരണവും കർഷകർക്ക് വലിയ തുണയാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *