ബംഗളൂരു: ബംഗളുരുവിൽ നടന്ന പൊതുപരിപാടിയ്ക്കിടയിൽ മുഖ്യമന്ത്രി ഡികെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ‘സങ്കൽപ സാമവേശ’ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ചടങ്ങിന് തടസം സൃഷ്ടിച്ചു കൊണ്ടാണ് ഒരു വിഭാഗം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ‘
ഡികെ ഡികെ’ എന്നാണ് അണികൾ മുദ്രാവാക്യം വിളിച്ചത്. ഇതോടെ ക്ഷുഭിതനായ ഖർഗെ ഇവരെ ഒന്നിനും കൊള്ളാത്തവർ എന്ന് വിളിക്കുകയും ഇത് പാർട്ടി പരിപാടിയാണ് അല്ലാതെ ഏതെങ്കിലും ഒരു നേതാവിനെ കേന്ദ്രീകരിച്ചുള്ള പരിപാടിയല്ലെന്നും ഓർമിപ്പിക്കുകയും ചെയ്തു.
ഇവിടെ നിന്ന് നിങ്ങളിങ്ങനെ ബഹളം വച്ചാൽ അത് രാജ്യം മുഴുവൻ കേൾക്കുമോ? ഇതൊരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പരിപാടിയല്ല, ഇത് പാർട്ടിയുടെ ചടങ്ങാണ്, ഒന്നിനും കൊള്ളവർ. ഇവിടെ ഒരാളുടെയും ആരാധനയല്ല നടക്കുന്നത്. പാർട്ടിയുടെ ചടങ്ങിനായാണ് ഇവിടെ എല്ലാവരും ഒത്തു ചേർന്നിരിക്കുന്നത്’- ഖാർഗെ പറഞ്ഞു. ഒരു വിഭാഗം ഇങ്ങനെ മുദ്രാവാക്യം വിളിക്കായി മാത്രം പരിപാടിയിൽ പങ്കെടുക്കുമ്പോൾ ബാക്കിയുള്ളവർ എന്തിനാണ് ഇവിടെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘ഇവിടെ ഒരാൾ ഒരു കാര്യം പറയുമ്പോൾ മറ്റൊരാൾ വേറെന്തോ വിളിച്ചുപറയുന്നു, പിന്നെ മറ്റുള്ളവർ എന്തിനാണ് ഇവിടെ എത്തിയിക്കുന്നത്, തറ അടിച്ചുവാരാനാണോ?’, അദ്ദേഹം ചോദിച്ചു. പാർട്ടിയാണ് എല്ലാത്തിനും അടിസ്ഥാനമെന്ന് അദ്ദേഹം പ്രവർത്തകരെ ഓർമിപ്പിച്ചു.
58വർഷത്തെ രാഷ്ട്രീയ അനുഭവമാണ് തനിക്കുള്ളത്. നിരവധി നേതാക്കൾ ഇവിടെ വന്നിട്ടുണ്ട്. അവർ പാർട്ടിക്ക് നൽകിയ സംഭാവനകൾ ചെറുതാണെങ്കിലും പാർട്ടി അവർക്ക് വലിയ പിന്തുണയാണ് നൽകിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പരിപാടിക്കിടയിൽ തടസം സൃഷ്ടിച്ചവർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
