ഭീഷണി സഭയോട് വേണ്ട; പിസി ജോർജിനും ഷോൺ ജോർജിനും മുന്നറിയിപ്പുമായി പാലാ ബിഷപ്പ്

പാലാ: ബിജെപി നേതാവ് പി സി ജോർജിനും മകൻ പാലാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജിനുമെതിരെ രൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ വൈദികരെയും സഭാ നേതൃത്വത്തെയും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് ബിഷപ്പ് വിമർശിച്ചു. ഇത്തരം കടന്നാക്രമണങ്ങൾ സഭ വെച്ചുപൊറുപ്പിക്കില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. അതോടൊപ്പം ഇത്തരം ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ലെന്നും എല്ലാ കാലത്തും വൈദികരും മെത്രാന്മാരും മിണ്ടാപ്രാണികളായിരിക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെത്രാന്മാരും വൈദികരും എല്ലാ സമയത്തും നിഷ്പക്ഷരായിരിക്കണം എന്ന് പറയാൻ ആർക്കും സാധിക്കില്ലെന്നും, മാധ്യമങ്ങൾക്ക് വേണ്ടിയോ കയ്യടി കിട്ടുന്നതിന് വേണ്ടിയോ സമുദായ നേതാക്കളെയും വൈദികരെയും അവഹേളിക്കുന്ന ശൈലി ശരിയല്ലെന്നും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ വിശ്വാസികളുടെ വികാരം കൂടി മാനിക്കണമെന്നും ബിഷപ്പ് പറഞ്ഞു . സഭയുടെ അന്തസ്സ് കെടുത്താൻ ശ്രമിക്കുന്നവവർ ആരായാലും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സമുദായ അംഗങ്ങൾ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നത് സഭ എപ്പോഴും സ്വാഗതം ചെയ്യുമെന്നും പ്രോത്സാഹിപ്പിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *