ലക്നൗ: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായി രാജിവെച്ചു. ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവച്ചു. ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്ന് എസ്ഐടി റിപ്പോർട്ടിൽ നിർദേശം നൽകിയിരുന്നു. പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ കേസിൽ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ചമ്പത് റായുടെ സഹായി ടിന്നു യാദവിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ ഭണ്ഡാര പെട്ടികളുടെ താക്കോൽ ടിന്നു യാദവിൻ്റെ പക്കൽ നിന്നും കണ്ടെത്തിയിരുന്നു.
ക്ഷേത്ര മാനേജ്‌മെന്റുമായി ബന്ധമുള്ള അഞ്ച് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായതായും ആരോപണമുണ്ട്. ജോലി ലഭിച്ച ശേഷം അയോധ്യയിലും ലഖ്‌നൗവിലും ഇവർ സ്വത്തുക്കൾ വാങ്ങിയതായും അന്വേഷണസംഘം കണ്ടെത്തി. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ഡോ. അനിൽ മിശ്ര, എന്നിവരുടെ പേരുകൾ എഫ്ഐആറിൽ ഇല്ല.
3500 കോടി രൂപ പണത്തിന് പുറമേ സ്വർണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയും ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ, ഇവയ്‌ക്കൊന്നും കൃത്യമായ രേഖകൾ ഇല്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭാവന ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതിയിൽ പരാമർശിച്ചു. അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഹർജി ലിസ്റ്റ് ചെയ്യപ്പെട്ടില്ലെങ്കിൽ തിങ്കളാഴ്ച വീണ്ടും പരാമർശിക്കാൻ കോടതി നിർദ്ദേശിച്ചു.
