തിരുവനന്തപുരം: മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കേരളത്തില്‍ വരുന്ന ഒരാഴ്ച കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ മാസം 28ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകള്‍ക്കും യെല്ലോ അലര്‍ട്ടാണ്.
ജൂൺ 29ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ ദിവസം കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. അതിശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 30ന് മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലുളളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം അറിയിച്ചിട്ടുണ്ട്. കാസര്‍ഗോഡ്,കണ്ണൂര്‍,കോഴിക്കോട് വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വയനാട് മുതല്‍ ഇടുക്കി വരെയുള്ള 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
അതേസമയം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
