വയനാട്ടിൽ പലയിടത്തും ചാരായം വാറ്റ് സജീവം

സുൽത്താൻബത്തേരി: നൂൽപ്പുഴ മുക്കുത്തിക്കുന്ന് മേഖലയിൽ എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ നിലയിൽ വാഷ് പിടികൂടി.സംസ്ഥാന ഹൈവെ കടന്നുപോകുന്ന മുക്കുത്തിക്കുന്ന് പാലത്തിന്റെ ഗർഡറിൽ സൂക്ഷിച്ച നിലയിൽ 210 ലിറ്റർ വാഷ് കണ്ടെടുത്തത്. സമീപത്തെ മുളങ്കാട്ടിൽ നിന്നും വലിയ മുള സംഘടിപ്പിച്ച് ഏണിയാക്കിയാണ് ഗർഡറിനടിയിലേക്ക് ഒരു ഉദ്യോഗസ്ഥൻ എത്തിയത്. സാംപിൾ എടുത്ത ശേഷം ബാക്കിയുള്ള വാഷ് പുഴയിലേക്ക് മറിച്ചു കളഞ്ഞ് നശിപ്പിക്കുകയായിരുന്നു. എന്നാൽ വാറ്റാൻ ഉപയോഗിക്കുന്ന വാഷ് ഇവിടെ കൊണ്ടുവെച്ചവരെ കുറിച്ച് വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. വയനാട് എക്‌സൈസ് ഇന്റലിജിൻസും സുൽത്താൻ ബത്തേരി എക്‌സൈസ് സർക്കിൾ ഓഫീസിൽ നിന്നുള്ള സംഘവും സംയുക്തമായിട്ടായിരുന്നു പരിശോധന. മുക്കുത്തിക്കുന്ന് ഭാഗത്ത് വ്യാപകമായ തോതിൽ വാറ്റ് നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന.

അതേ സമയം, വാഷ് നിർമ്മിച്ച് സൂക്ഷിച്ചവരെ പറ്റിയുള്ള അന്വേഷണം തുടരുകയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വയനാട് എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ ഉള്ള പരിശോധന സംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പിഎസ്. സുമേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെഎം. സൈമൺ, സിവി. ഹരിദാസ്, സുരേഷ് വെങ്ങാലിക്കുന്നേൽ, പ്രിവന്റിവ് ഓഫീസർമാരായ പി. കൃഷ്ണൻകുട്ടി, കെ.വി. പ്രകാശൻ, എ.എസ്. അനീഷ്, പി.ആർ. വിനോദ്, സിവിൽ എക്‌സൈസ് ഓഫീസർ റാഷിദ് ഡ്രൈവർ എം.വി. അബ്ദുൽ റഹീം എന്നിവരും ഉണ്ടായിരുന്നു. വയനാട്ടിൽ ബത്തേരിക്കടുത്ത കല്ലൂർ, മുത്തങ്ങ, മുക്കുത്തിക്കുന്ന്, വാകേരി തുടങ്ങിയ പ്രദേശങ്ങളിൽ ചാരായം വാറ്റ് ഇപ്പോഴും സജീവമാണെന്ന ആരോപണമുണ്ട്. പലപ്പോഴും ഈ ഭാഗങ്ങളിൽ നിന്നെല്ലാം വാഷ്് കണ്ടെത്തി എക്‌സൈസും പോലീസും നശിപ്പിക്കാറുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *