ഡിജിറ്റൽ പാർട്ടി ക്ലാസ്‌ നിർബന്ധമാക്കി ബിജെപി; ഓൺലൈനിൽ പരീക്ഷയെഴുതി എല്ലാവരും സർട്ടിഫിക്കറ്റ് നേടണമെന്നാണ് നിർദേശം

കൊല്ലം: ബൂത്തുതലം മുതൽ സംസ്ഥാനതലം വരെയുള്ള ബി.ജെ.പി. നേതാക്കൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള പാർട്ടി ക്ലാസ് നിർബന്ധമാക്കി. സരൾ ആപ്പ് ,നമോ ആപ്പ് എന്നിവ വഴി നടക്കുന്ന ‘ഡിജിറ്റൽ പ്രശിക്ഷൻ അഭിയാൻ’ പരിപാടി ആരംഭിച്ചു. ഓൺലൈനിൽ പരീക്ഷയെഴുതി എല്ലാവരും സർട്ടിഫിക്കറ്റ് നേടണമെന്നാണ് നിർദേശം.

നാലു വിഷയങ്ങളിലാണ് ക്ലാസ് നടക്കുക. പാർട്ടിയുടെ ചരിത്രം, പ്രത്യയശാസ്ത്രം എന്നിവയാണ് ആദ്യം. ഓരോ വിഷയത്തിലും പരീക്ഷയും ഉണ്ടാകും. ജൂലായ്‌ ആറു വരെയാണ് പരിശീലനം ഉണ്ടായിരിക്കുക. സംസ്ഥാനത്ത് ഒരു ലക്ഷം പ്രവർത്തകർക്ക് പരിശീലനം നൽകണമെന്ന ടാർഗറ്റ് നൽകിയിരിക്കുന്നത്. ജില്ലാ ജനറൽ സെക്രട്ടറിമാർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെ ജൂൺ അവസാനത്തോടെ ഡിജിറ്റൽ പ്രശിക്ഷണം പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് നേടുകയും വിവരം സംസ്ഥാനനേതൃത്വത്തിന് റിപ്പോർട്ട് ചെയ്യുകയും വേണം. ദേശീയനേതൃത്വം ഇക്കാര്യങ്ങൾ പ്രത്യേകം നിരീക്ഷിക്കുകയാണെന്നും ജില്ലാ ഘടകങ്ങൾ കൃത്യമായി റിപ്പോർട്ട് നൽകണമെന്നും കീഴ്‌ഘടകങ്ങൾക്കു നിർദേശം നൽകുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് ദിവസം ബൂത്തുകളിൽ ഇതേക്കുറിച്ചു വിശദീകരിക്കുകയും ബൂത്ത് ഭാരവാഹികൾക്ക് പരിശീലനം നൽകി അവർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ നേരിട്ടു സഹായിക്കുകയും വേണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *