ഉയരത്തിലേക്ക് കുതിച്ച് സൗദി ; നേരിട്ടുള്ള വിദേശ നിക്ഷേപം 26.6 ബില്യൺ റിയാലായി

റിയാദ്: 2026 ആദ്യ പാദത്തിൽ സൗദി അറേബ്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 26.6 ബില്യൺ സൗദി റിയാൽ (7 ബില്യൺ ഡോളർ) ആയി. വാർഷികാടിസ്ഥാനത്തിൽ 2.4% ആണ് വർധന. സൗദി നിക്ഷേപ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ സാമ്പത്തിക, നിക്ഷേപ സൂചകങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യ പാദത്തിൽ ഗ്രോസ് ഫിക്‌സ്ഡ് കാപിറ്റൽ മുൻ വർഷത്തെ അപേക്ഷിച്ച് 5.1% വർധിച്ചതായും ഡാറ്റ കാണിക്കുന്നു. സർക്കാർ നിക്ഷേപത്തിൽ 54% വും സർക്കാരിതര നിക്ഷേപത്തിൽ 1.3% വും വർധനവുണ്ടായതാണ് കാരണം.

അതേസമയം, ആദ്യ പാദത്തിൽ സൗദി പൗരന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.4% ആയി കുറഞ്ഞു. മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 3.1% ആണ്. അതേസമയം, 2026 ആദ്യ പാദത്തിൽ രാജ്യത്തിന്റെ റിയൽ ജിഡിപി വാർഷികാടിസ്ഥാനത്തിൽ 3% വർധിച്ചു, എണ്ണ, എണ്ണ ഇതര പ്രവർത്തനങ്ങളിൽ 2.9% വളർച്ച നേടിയതോടെയാണ് വർധന.അതിനിടെ, 2026 ആദ്യ പാദത്തിൽ സൗദിയിൽ റിയൽ എസ്റ്റേറ്റ് വില സൂചിക 1.6% കുറഞ്ഞു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് കുറവ്. റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകളിലെ 3.6% ഇടിവാണ് പ്രധാന കാരണം.

Leave a Reply

Your email address will not be published. Required fields are marked *