കൊച്ചി: ഹൈക്കോടതി അഭിഭാഷ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസ്. ഹൈക്കോടതി അഭിഭാഷകരുടെ പട്ടികയിൽ ഇനിയും അനർഹരുണ്ടെന്നും അവരെ പുറത്താക്കിയില്ലെങ്കിൽ പട്ടിക പുറത്തുവിടുമെന്നും അംഗങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിക്ക് നിഷേധാത്മക നിലപാടാണെന്നും സംഘടന ആരോപിച്ചു.
ജൂൺ 4നും ജൂൺ 11നും ആയിരുന്നു അഭിഭാഷക നിയമനത്തിൽ പട്ടിക പുറപ്പെടുവിച്ചത്. ഈ രണ്ട് പട്ടികയിലും ലോയേഴ്സ് സംഘടന എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. അനർഹരെ ഉൾപ്പെടുത്തിയെന്നും ലോയേഴ്സ് കോൺഗ്രസിനെ തഴഞ്ഞുവെന്നുമായിരുന്നു സംഘടനയുടെ ആരോപണം. മുഖ്യമന്ത്രി വി ഡി സതീശനെ നേരിട്ട് കണ്ട് ഇക്കാര്യങ്ങൾ അറിയിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം മൈൻഡ് ചെയ്തില്ലെന്നും മുഖ്യമന്ത്രിക്ക് നിഷേധാത്മക നിലപാടാണെന്നും സംഘടന അറിയിച്ചു.
അതേസമയം, ജില്ല സബ് കോടതികളിലേക്കുള്ള അഭിഭാഷകരുടെ നിയമനത്തിനുള്ള പട്ടികയാണ് ഇനി സർക്കാർ പുറത്തിറക്കാനിരിക്കുന്നത്. ഇതിൽ ലോയേഴ്സ് കോൺഗ്രസ് കൊടുത്ത പട്ടികയിൽ നിന്ന് അഭിഭാഷകരെ നിയമിക്കണമെന്നും ഹൈക്കോടതി അഭിഭാഷകരുടെ പട്ടികയിലെ അനർഹരെ പുറത്താക്കിയില്ലെങ്കിൽ അവരുടെ പേരുകൾ പുറത്തുവിടുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
