മസ്കത്ത്: ഒമാൻ തീരം വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം വലയിലാക്കി റോയൽ ഒമാൻ പൊലീസ്. ‘ഖാട്ട്’ എന്ന ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഘത്തെയാണ് കടലിലൂടെ നടത്തിയ ചേസിലൂടെ ആർഒപി പിടികൂടിയത്. കോസ്റ്റൽ സെക്യൂരിറ്റി പൊലീസ് കമാൻഡിന്റെയും സുരക്ഷാ വിഭാഗങ്ങളുടെയും സംയുക്ത നീക്കത്തിലൂടെയായിരുന്നു കടത്ത് സംഘത്തെ പൂട്ടിയത്. ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശം വഴി ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് പൊലീസ് അതിസാഹസികമായി തകർത്തത്.കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെയാണ് സംഭവം. കടലിൽ സംശയാസ്പദമാ ബോട്ട് ശ്രദ്ധയിൽപെട്ടതോടെ കോസ്റ്റഗാർഡ് നിരീക്ഷണം ആരംഭിച്ചു. തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് കടത്ത് സംഘവും അറിഞ്ഞിരുന്നില്ല. കടൽമാർഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വലിയൊരു അളവ് ‘ഖാട്ട്’ ലഹരിമരുന്നാണ് സുരക്ഷാസേന പിടിച്ചെടുത്തത്. വിപണിയിൽ ദശലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നാണിത്. മയക്കുമരുന്നുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയായിരുന്ന മൂവർസംഘത്തെ ദൽഖൂത്ത് തുറമുഖത്തിന് സമീപം കടലിൽ വെച്ചാണ് സാഹസികമായി പിടികൂടുന്നത്.
ദോഫാറിലെ കോസ്റ്റൽ സെക്യൂരിറ്റി പൊലീസ് കമാൻഡും വിവിധ പൊലീസ് യൂണിറ്റുകളും സംയുക്തമായാണ് സുപ്രധാന നീക്കം നടത്തിയത്. മൂന്ന് അറബ് പൗരന്മാരുടെ അറസ്റ്റ് റോയൽ ഒമാൻ പൊലീസ് രേഖപ്പെടുത്തി. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. സംശയാസ്പദമായ സാഹചര്യങ്ങളോ നീക്കങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പോലീസിനെ അറിയിക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് റോയൽ ഒമാൻ പോലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
