കോട്ടയം: പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധിയില്‍ യുഡിഎഫിലെ ഘടക കക്ഷികള്‍ക്ക് അതൃപ്തി. സ്വതന്ത്ര കൂട്ടായ്മയ്ക്ക് നല്കിയ പിന്തുണ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പിന്‍വലിച്ചതാണ് അതൃപ്തിക്ക് കാരണം. കൂടിയാലോചനകള്‍ ഇല്ലാതെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തീരുമാനത്തില്‍ എത്തിയതെന്ന് എംപി ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിച്ചു. ഏറെ പ്രതീക്ഷയോടെയാണ് പാലാ നഗരസഭയില്‍ സ്വതന്ത്രരെ ഒപ്പം നിര്‍ത്തി യുഡിഎഫ് ഭരണം പിടിച്ചത്.
എന്നാല്‍ പിന്നീട് നടന്ന പോരും ആഭ്യന്തര പ്രശ്നങ്ങളും യുഡിഎഫിന് നാണക്കേടായി. ഡിവൈഎഫ്ഐ സമ്മേളനത്തിന് നഗരസഭാ ബസ് സ്റ്റാന്‍ഡ് വിട്ടുനല്‍കിയ തീരുമാനം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഒടുവില്‍ ഇടഞ്ഞത്. സ്വതന്ത്ര കൂട്ടായ്മയ്ക്ക് നല്കിയ പിന്തുണ പിന്‍വലിച്ചതായി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രമേയവും പാസാക്കി. ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് വിട്ടുനല്‍കാനുള്ള നഗരസഭ തീരുമാനമാണ് കോണ്‍ഗ്രസ് അംഗങ്ങളെ ചൊടിപ്പിച്ചത്.
എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍ അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായാണ് ഘടക കക്ഷികളുടെ അഭിപ്രായം. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ നടപടിയില്‍ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പാലായില്‍ രാഷ്ട്രീയ ധാരണയില്‍ എത്തിയതെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. പാലായില്‍ ഭരണം നഷ്ടമാകുന്നത് മുന്നണിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. അതുകൊണ്ട് തന്നെ പ്രാദേശിക നേതാക്കളുടെ പരാതികള്‍ സംസ്ഥാന നേതൃത്വം അവഗണിക്കുന്നതായാണ് നിഗമനം.
