ടിക്കറ്റ് വിതരണത്തിൽ ക്രമക്കേട്; പ്രിയദർശിനിയിൽ ഗ്രൂപ്പ്ടിക്കറ്റ് വിതരണത്തിൽ നിയന്ത്രണം

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിയിൽ ഗ്രൂപ്പ്ടിക്കറ്റ് വിതരണത്തിൽ നിയന്ത്രണം.
ടിക്കറ്റ് വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പരമാവധി അഞ്ച് ടിക്കറ്റ് വരെ ഒരുമിച്ചു നൽകാൻ കഴിയുന്ന വിധത്തിലേക്കാണ് ഗ്രൂപ്പ് ടിക്കറ്റിങ് മാറ്റിയത്. സർക്കാരിന് നഷ്ടം ഉണ്ടാക്കുന്ന വിധത്തിൽ ചില കണ്ടക്ടർമാർ അധിക ടിക്കറ്റ് നൽകിയതിനെത്തുടർന്നാണ് നടപടി. തനിച്ച് യാത്രചെയ്ത സ്ത്രീക്ക് കണ്ടക്ടർ ഒൻപത് ടിക്കറ്റ് നൽകിയതായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് ബുധനാഴ്ച പകൽ ഗ്രൂപ് ടിക്കറ്റിങ് പൂർണമായും നിർത്തി.

ഒരു ടിക്കറ്റ് വീതം അച്ചടിക്കാൻ കഴിയുന്ന വിധത്തിൽ ടിക്കറ്റ് മെഷീനുകളിൽ മാറ്റംവരുത്തിയിരുന്നു. എന്നാൽ സംസ്ഥാനവ്യാപകമായി കണ്ടക്ടർമാർ ഇതേക്കുറിച്ച് പരാതിപ്പെട്ടതിനെത്തുടർന്ന് രാത്രിയോടെ അഞ്ചുടിക്കറ്റ് വരെ ഒരുമിച്ചു നല്കാനാവുംവിധം പരിഷ്‌കരിക്കുകയായിരുന്നു.കെ.എസ്.ആർ.ടി.സി. നൽകുന്ന സൗജന്യയാത്രയ്ക്ക് സർക്കാർ പണം നൽകുമെന്നതാണ് പ്രിയദർശിനി പദ്ധതിയുടെ വ്യവസ്ഥ. ഒരുമിച്ച് യാത്രചെയ്യുന്നവർക്ക് ഒറ്റ ടിക്കറ്റ് നൽകാൻ കഴിയുന്ന വിധത്തിലായിരുന്നു നിലവിലെ ക്രമീകരണം. യാത്രക്കാരുടെ എണ്ണം കൂട്ടിക്കാണിക്കാൻ ചില കണ്ടക്ടർമാർ തനിച്ചു യാത്ര ചെയ്യുന്നവർക്കും യാത്രക്കാരുടെ എണ്ണം കൂട്ടിക്കാണിച്ച് ടിക്കറ്റുകൾ നൽകി. യാത്രക്കൂലി ഈടാക്കാത്തതിനാലും ടിക്കറ്റിൽ തുക രേഖപ്പെടുത്താത്തതിനാലും ഭൂരിഭാഗം യാത്രക്കാരും ഇത് ശ്രദ്ധിക്കാത്തതാണ് ചില ജീവനക്കാർ മുതലെടുത്തത്.

പ്രിയദർശിനി പദ്ധതി അട്ടിമറിക്കാനുള്ള പ്രതിപക്ഷ സംഘടനകളുടെ നീക്കമാണിതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ടിക്കറ്റ് നൽകാതിരിക്കുന്നത് സ്ഥാപനത്തിന് സാമ്പത്തികനഷ്ടമുണ്ടാക്കുമെന്നും യാത്രക്കാർ ഉണ്ടെന്ന വ്യാജേന വെറുതേ ടിക്കറ്റ് നൽകുന്നത് സർക്കാരിനെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും കണ്ടക്ടർമാർക്ക് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രക്കൂലി ഇടാക്കുന്നില്ലെങ്കിലും ടിക്കറ്റ് നൽകാത്ത കേസുകളിൽ ജീവനക്കാർക്കെതിരേ നടപടി എടുക്കുന്നുണ്ട്.ഗ്രൂപ്പ് ടിക്കറ്റ് നിർത്തിയത് കണ്ടക്ടർമാർക്ക് അധിക ജോലിഭാരവും സ്ഥാപനത്തിന് അധികബാധ്യതയും ഉണ്ടാക്കുന്നതാണ്. ഒരുമിച്ച് യാത്രചെയ്യുന്നവർക്ക് കണ്ടക്ടർ പ്രത്യേകം ടിക്കറ്റ് നൽകേണ്ടിവരും. ഓരോ ടിക്കറ്റിനും 14 പൈസ വീതം ടിക്കറ്റ് മെഷീൻ നല്കി ഓൺലൈൻ സംവിധാനം നിയന്ത്രിക്കുന്ന ചലോ കമ്പനിക്ക് കൂലി നൽകണം. .

Leave a Reply

Your email address will not be published. Required fields are marked *