കടുത്തുരുത്തി : ആശുപത്രിയിൽ ചികിത്സ തേടാതെ യുവതി വീട്ടിൽ പ്രസവിച്ചു. കുഞ്ഞിനെ മരിച്ചനിലയിൽ വീട്ടിൽനിന്ന് കണ്ടെത്തി. രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്തുരുത്തി സ്വദേശിനിയാണ് ശനിയാഴ്‌ച വീട്ടിൽ പ്രസവിച്ചത്. വൈകീട്ട് നാലോടെ അമിതരക്തസ്രാവമുണ്ടായ നിലയിൽ യുവതിയെ സമീപവാസികളും ആശാ പ്രവർത്തകരും ചേർന്ന് ആംബുലൻസിൽ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പ്രസവത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകളാണ് യുവതിക്കുള്ളതെന്ന് ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതർഅറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽനിന്ന് മരിച്ചനിലയിൽ നവജാതശിശുവിനെ കണ്ടെത്തിയത്. പൂർണ ആരോഗ്യവാനായ 3.1 കിലോ തൂക്കമുള്ള ആൺകുട്ടിയായിരുന്നു. വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമാണ് യുവതി. ഭർത്താവ് സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനാണ്.
കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. ചികിത്സയിലുള്ള യുവതിയിൽനിന്ന് വിശദമായി മൊഴിയെടുക്കണം. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും എസ്.എച്ച്.ഒ.അറിയിച്ചു.
