യു.എ.ഇയിലെയും കുവൈത്തിലെയും പാസ്​പോർട്ട്​ സേവനം; ബി.എൽ.എസിന്​ തൽക്കാലം തുടരാം

ദുബൈ: യു.എ.ഇ, കുവൈത്ത്​ എന്നീ രാജ്യങ്ങളിലെ പാസ്​പോർട്ട്​ അടക്കമുള്ളവയുടെ സേവനങ്ങളിൽ ബി.എൽ.എസിന്​ തുടരാം. യു.എ.ഇയിൽ പാസ്​പോർട്ട്​ സേവനത്തിന്‍റെ കരാർ അൽഹിന്ദിനും കുവൈത്തിൽ ഡു ഡിജിറ്റലിനും നൽകിയത്​ ഡൽഹി ഹൈകോടതി റദ്ദാക്കുകയും തൽക്കാലം ബി.എൽ.എസിന്​ തുടരാൻ അനുമതി നൽകുകയുമായിരുന്നു. ഇതോടെ രണ്ടാഴ്ചയായി രണ്ട്​ രാജ്യങ്ങളിലെയും പ്രവാസികൾ അടക്കമുളളവർ അനുഭവിക്കുന്ന പ്രതിസന്ധിക്ക്​ താൽക്കാലിക പരിഹാരമാകുമെന്നാണ്​ പ്രതീക്ഷ.

ആസ്ട്രേലിയ, സിങ്കപ്പൂർ എന്നിവിടങ്ങളിലെ കരാറുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്​. ഒരു മാസത്തിനകം പുതിയ പ്രൊപ്പോസൽ വിളിക്കാൻ കോടതി നിർദേശിച്ചു. നിലവിലെ ടെൻഡർ നടപടികൾ സുതാര്യമല്ലെന്ന് കോടതി ഉത്തരവിൽ വ്യക്​തമാക്കിയിട്ടുണ്ട്​. 2026 ജൂലൈ ഒന്ന്​ മുതൽ പുതിയ സ്ഥാപനങ്ങളായിരുന്നു പാസ്​പോർട്ട്​ സേവനങ്ങൾ നൽകേണ്ടിയിരുന്നത്​. എന്നാൽ, ടെണ്ടർ ചോദ്യം ചെയ്ത്​ ഡൽഹി ഹൈകോടതിയിലെത്തിയതോടെ പ്രവർത്തനം ആരംഭിക്കാനായില്ല.രണ്ടാഴ്ചയായി യു.എ.ഇയിലും കുവൈത്തിലും അടിയന്തര പാസ്​പോർട്ട്​ സേവനങ്ങൾ മാത്രമാണ്​ ലഭിക്കുന്നത്​. പാസ്​പോർട്ട്​ പുതുക്കൽ, സർട്ടിഫിക്കറ്റ്​ അറ്റസ്​റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്ക്​ പ്രവാസികൾ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്​. വർഷങ്ങളായി യു.എ.ഇയിലും കുവൈത്തിലും പ്രവർത്തിക്കുന്ന ബി.എൽ.എസ്​ സെന്‍ററുകൾ സജീവമാകുന്നതോടെ പ്രതിസന്ധി തൽക്കാലമെങ്കിലും പരിഹരിക്കപ്പെടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *