ഇടുക്കി: കോണ്‍ഗ്രസില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചയില്‍ കെ സി വേണുഗോപാലിനെ പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ. സി വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാകാന്‍ കെ. സി വേണുഗോപാല്‍ അയോഗ്യനാണെന്ന് താന്‍ പറയില്ല. എന്നാല്‍ ആരാണ് യോഗ്യന്‍ എന്നും പറയില്ല. രമേശ് ചെന്നിത്തലയെ അപ്രസക്തന്‍ ആക്കാനും സാധിക്കില്ല. കോണ്‍ഗ്രസിന്റെ അത്യുന്നത പദവികളില്‍ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല. വി ഡി സതീശന്‍ കൂടുതല്‍ പ്രവര്‍ത്തിച്ചത് ടെലിവിഷനിലാണ്. ജയിച്ചുവന്നാല്‍ കോണ്‍ഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാന്‍ യോഗ്യരാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശബരിമലയിലെ ഇ.ഡി അന്വേഷണം തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവസാനിക്കുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. അവസാനം അന്വേഷണവും ഉണ്ടാകില്ല സ്വര്‍ണവും ഉണ്ടാകില്ലെന്നും ഇടുക്കിയിലെ മുരിക്കാശ്ശേരിയില്‍ വച്ച് വെള്ളാപ്പള്ളി മാധ്യമങ്ങളോട്് പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ വല്ലാതെ വേട്ടയാടിയെന്നും കുഴപ്പിക്കാന്‍ നോക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പക്ഷെ അവരുടെ പണി എന്റെ അടുത്ത് നടക്കില്ല. പ്രായം ഉണ്ടെങ്കിലും നല്ല ബോധം ഇപ്പോഴും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ കാലാ കാലങ്ങളില്‍ വന്ന ഒരു സര്‍ക്കാരും എസ്എന്‍ഡിപിയെ സഹായിക്കുന്നില്ല. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും വോട്ട് ബാങ്ക് ആയി മാറി. ലീഗിനെ നയിക്കുന്നത് തങ്ങള്‍മാരാണെങ്കില്‍ കേരള കോണ്‍ഗ്രസിന് പിന്നില്‍ പിതാക്കന്‍മാരാണ്. ആത്മീയ ശക്തിയുടെ ഭാഗമായി അവരെല്ലാം നേടിയെടുത്തു.
രാജ്യത്ത് ജനാധിപത്യം പോയി, മതാധിപത്യം വന്നു. മുസ്ലിങ്ങള്‍ സംഘടിച്ച് ശക്തരായി. അവര്‍ എല്ലാം അവകാശങ്ങളും കൊണ്ടുപോയി. ക്രിസ്ത്യന്‍ സമുദായത്തിലെ സിസ്റ്റര്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നതെന്നും വള്ളാപ്പള്ളി ചോദിച്ചു. താന്‍ മാത്രം ജാതി പറഞ്ഞാല്‍ വിവാദം ആകുമെന്നും ബാക്കി എല്ലാവര്‍ക്കും ജാതി പറയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ നീതി എന്ന് പറഞ്ഞാലും ജാതി എന്നാക്കുമെന്നും ജാതി പറയുന്നത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
