മുംബൈ: തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പരോക്ഷ പ്രതികരണവുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് സൽമാൻ ഖാന്റെ പ്രതികരണം.
ഡെനിം ജാക്കറ്റും കൗബോയ് തൊപ്പിയും ധരിച്ചുള്ള സ്വന്തം ചിത്രങ്ങൾ സൽമാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ചിത്രത്തിന് അടിക്കുറിപ്പായി ‘നിങ്ങളുടെയൊക്കെ ആരോഗ്യം എങ്ങനെയുണ്ട്?’, എന്നാണ് സൽമാൻ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെടുത്തിയുള്ള അഭ്യൂഹപ്രചാരണങ്ങൾക്ക് മറുപടി ആയാണ് കുറിപ്പ് ആരാധകർ വ്യാഖ്യാനിച്ചത്.
വെള്ളിയാഴ്ച രാത്രി മുംബൈയിൽ പൊതുപരിപാടിയിൽ പങ്കെടുത്ത സൽമാൻ ഖാന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആരോഗ്യസ്ഥിതിയിൽ ആരാധകർ ആശങ്ക പങ്കുവെച്ചിരുന്നു. ചടങ്ങിൽ താരം വളരെ ക്ഷീണിതനായാണ് കാണപ്പെട്ടതെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. മുംബൈയിലെ സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിയുടെ പുതിയ ഡാറ്റാ കളക്ഷൻ ആൻഡ് വെരിഫിക്കേഷൻ സപ്പോർട്ട് സെന്റർ (ഐ.ടി സെർവർ റൂം) ഉദ്ഘാടന ചടങ്ങിലായിരുന്നു സൽമാൻ ഖാൻ പങ്കെടുത്തത്. ഇവിടെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും സെന്റർ സന്ദർശിക്കുകയും ചെയ്യുന്ന സൽമാന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചടങ്ങിൽ ഗുണഭോക്താക്കൾക്കുള്ള വീടിന്റെ താക്കോലുകളും അദ്ദേഹം കൈമാറിയിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടന്റെ ആരോഗ്യം മോശമാണോ എന്ന രീതിയിലുള്ള സംശയങ്ങൾ ആരാധകർ ഉന്നയിച്ചു തുടങ്ങിയത്. സൽമാന് സുഖമില്ലെന്ന് തോന്നുന്നുവെന്ന് ചില ഉപയോക്താക്കൾ എക്‌സിൽ കുറിച്ചു. എന്നാലിത് അദ്ദേഹത്തിന്റെ സാധാരണ ലുക്ക് മാത്രമാണെന്ന് മറ്റുള്ളവർ അഭിപ്രായപ്പെട്ടു.
