തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ വിപ്ലവകരമായ സ്മരണകൾ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വി.എസ് എന്നത് കേവലം ഒരു വ്യക്തിയുടെ പേരല്ലെന്നും, മറിച്ച് അത് ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ ഉണർത്തി നിർത്തുന്ന ഒരു വലിയ ഊർജ്ജമായി സഖാവിന്റെ സ്മരണകൾ ഇന്നും നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ ഒരു സാധാരണ യുവാവിൽ നിന്നും സംസ്ഥാനത്തിന്റെ ഭരണനേതൃത്വം വരെ എത്തിയ വിഎസിന്റെ ജീവിതയാത്ര, കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അതിജീവന ചരിത്രം കൂടിയാണെന്നും പിണറായി അനുസ്മരിച്ചു. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ടങ്ങളിൽ സഖാവിന് ക്രൂരമായ പോലീസ് മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ നീണ്ട കാലത്തെ ജയിൽവാസവും ഒളിവുജീവിതവും ആ പോരാളിയിലെ കമ്മ്യൂണിസ്റ്റ് വീര്യത്തെ കൂടുതൽ കരുത്തുറ്റതാക്കുകയാണ് ചെയ്തതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
മതനിരപേക്ഷ കേരളത്തിന്റെ ശക്തനായ വക്താവായിരുന്നു വിഎസ്, ജനകീയ വിഷയങ്ങളില്‍ നിയമസഭയിലും തെരുവിലും ഒരേസമയം തീര്‍ത്ത പ്രതിരോധം കേരള ചരിത്രത്തിന്റെ ഭാഗമാണ്. നാടിന്റെ പൊതുസമ്പത്തും താല്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ നിതാന്ത ജാഗ്രതയായിരുന്നു അദ്ദേഹം പുലര്‍ത്തിയതെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു. വിഎസ് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കും അദ്ദേഹം നയിച്ച പോരാട്ടങ്ങള്‍ക്കും മരണമില്ല. സഖാവ് വിഎസിന്റെ മരിക്കാത്ത ഓര്‍മകള്‍ക്കു മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
