റിയോ ഡി ജനീറോ: ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഉറപ്പിച്ച് സൂപ്പര്‍താരം നെയ്മർ ജൂനിയർ. കോപ്പ സുഡാമേരിക്കാനയിൽ സാന്റോസ് 4-2ന് വെനിസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ച മത്സരത്തിന് ശേഷമാണ് വിരമിക്കൽ തീരുമാനം നെയ്മര്‍ ആവര്‍ത്തിച്ചത്. ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിന് പിന്നാലെ ബ്രസീല്‍ കുപ്പായത്തില്‍ തന്റെ അവസാന മത്സരം കളിച്ചു കഴിഞ്ഞുവെന്ന് 34കാരനായ നെയ്മര്‍ സൂചിപ്പിച്ചെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അപ്പോഴും ആരാധകര്‍ക്കുണ്ടായിരുന്നു.
ലോകകപ്പിന്റെ ഭൂരിഭാഗം മത്സരങ്ങളിലും പരിക്കുമൂലം പുറത്തിരിക്കേണ്ടി വന്ന നെയ്മർ, നോർവെയ്ക്കെതിരായ പ്രീ-ക്വാർട്ടറിലാണ് പകരക്കാരനായി കളത്തിലിറങ്ങിയത്. അവസാന നിമിഷങ്ങളിൽ ഒരു പെനാൽറ്റി ഗോൾ നേടിയെങ്കിലും ടീമിന്റെ തോൽവിയും ലോകകപ്പിൽ നിന്നുള്ള പുറത്താകലും തടയാനായില്ല. ദേശീയ ടീമിനൊപ്പമുള്ള എന്റെ അധ്യായം അവസാനിച്ചു. ഞാൻ ചരിത്രം കുറിച്ചു, അതിൽ ഏറെ സന്തോഷവാനാണ്. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിനായി എന്റെ ജീവനും രക്തവും നൽകി ഞാൻ പൊരുതി. എന്നാൽ ഇനി ഞാനതിന് ആഗ്രഹിക്കുന്നില്ലെന്നായിരുന്നു യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ചശേഷം നെയ്മറുടെ പ്രതികരണം.
