ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെൻ്റിൽ വെച്ച് അമിത്ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നതും ജിതേന്ദ്ര സിംഗിന് അമിത്ഷായുടെ കോൾ തുരുതുരെ വരുന്നതും താൻ കണ്ടുവെന്ന് രാഹുൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്ത സമ്മേളനം. അമിത്ഷാക്കെതിരെ പാർലമെൻ്റിൽ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ മാപ്പ് പറഞ്ഞാൽ പാർലമെൻ്റിൽ സംസാരിക്കാൻ അനുവദിക്കാമെന്ന് പറഞ്ഞുവെന്നും എന്നാൽ മാപ്പ് പറയാൻ തയാറല്ല എന്നും രാഹുൽ പറഞ്ഞു. കൂടാതെ വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ പെല്ലറ്റ് പ്രയോഗത്തിൻ്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിച്ചില്ല. പലതവണ റിജിജുവിനും രാജ്നാഥ് സിംഗിനും സംസാരിക്കാൻ അനുമതി നൽകി. അമിത്ഷാക്കെതിരെ ഉയർത്തിയ ആരോപണങ്ങളിൽ മാപ്പ് പറഞ്ഞാൽ സംസാരിക്കാൻ അനുമതി നൽകാമെന്ന് പറഞ്ഞു. എന്നാൽ, ഒരിക്കലും ആർഎസിഎസിനോടും ബിജപിയോടും മാപ്പ് പറയില്ലെന്ന് രാഹുൽ വ്യക്തമാക്കി.
ഡൽഹി പോലീസും അർധ സേനയും അമിത് ഷാക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹം അറിയാതെ ഒന്നും നടക്കില്ല. വിദ്യാർഥികളെ ക്രൂരമായിട്ടാണ് നേരിട്ടത്. അമിത് ഷായെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം എന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ഇക്കാര്യം അന്വേഷിക്കണം എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
