സൗദിയിലെ ലേബർ ക്യാമ്പുകളിലും ഷെയറിങ് റൂമുകളിലും വ്യാപക പരിശോധന

റിയാദ്: സൗദിയിൽ ലേബർ ക്യാമ്പുകളിലെയും, ശയറിങ് താമസ ഇടങ്ങളിലെയും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി മുനിസിപ്പൽ പാർപ്പിട മന്ത്രാലയം. താമസക്കാരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിൻറെ ഭാഗമായാണ് നടപടി. മുനിസിപ്പൽ ഗ്രാമകാര്യ പാർപ്പിട മന്ത്രാലയമാണ് കെട്ടിട ചട്ടങ്ങൾ കർശനമാക്കിയത്. ആവശ്യമായ സുരക്ഷാ മുൻകരുതലുകളും മന്ത്രാലയം നിർദേശിച്ച സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിൽ ദാതാക്കളോടും കമ്പനികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളിൽ ഒഴിപ്പിക്കുന്നതിനാവശ്യമായ എമർജൻസി വാതിലുകൾ, ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ, വൈദ്യുതി നിലച്ചാൽ സ്വയം പ്രവർത്തിക്കുന്ന ഇൻവർട്ടർ ലൈറ്റുകൾ എന്നിവ ഇവിടങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ, ആളുകൾക്ക് പുറത്ത് കടക്കാൻ ദിശ നിർണയിച്ചു നൽകുന്ന മാപ്പുകളും സുരക്ഷാ ബോർഡുകളും, അപകട അറിയിപ്പ് നൽകുന്ന അലാറം എന്നിവയും സജ്ജമായിരിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. ഉപകരണങ്ങൾ കൃത്യമായ അറ്റകുറ്റപണികൾ നടത്തി പ്രവർത്തനസജ്ജമാണെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി. നടപടികൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും തൊഴിൽ ദാതാക്കൾക്കുമെതിരെ കടുത്ത പിഴയുൾപ്പെടുന്ന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *