ബിരിയാണിക്കടയിൽ യുവാക്കളുടെ കൂട്ടയടി, രക്ഷപെടുന്നതിനിടെ അപകടം

ആളൂർ: ആളൂരിലെ വയനാടൻ ബിരിയാണിക്കടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ തമ്മിൽ അടിപിടി. ചൊവ്വാഴ്ച മൂന്നരയോടെയാണ് സംഭവം. ആളൂർ കനാൽപ്പാലം സ്വദേശി അരയാമ്പിള്ളി വീട്ടിൽ സനീഷ് (25), പോട്ട വാഴക്കുന്ന് സ്വദേശി മേലാപുരം വീട്ടിൽ ബെഞ്ചമിൻ (23) എന്നിവരുടെ പേരിൽ പോലീസ് കേസെടുത്തു. അടിപിടി കണ്ട് പരിസരത്തുണ്ടായിരുന്നവർ പോലീസിനെ വിളിച്ചതോടെ ബുള്ളറ്റിൽ രക്ഷപ്പെട്ട പ്രതികൾ ആളൂർ-പോട്ട റോഡിലെ വിശ്വനാഥപുരം റോഡിന് സമീപം കാനയിൽ വീണ് അപകടത്തിൽപ്പെട്ടു. പരിക്കേറ്റ സനീഷിനെ മെഡിക്കൽ കോളേജിലും ബെഞ്ചമിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും ലഹരിയിലായിരുന്നുവെന്നും ഇവർ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു. ഇവർ ബിരിയാണിക്കടയിൽ ഭക്ഷണം കഴിക്കാനെത്തിയ സമയം മൂന്ന്‌ ഡെലിവറി ബോയ്‌സും ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന്റെ തുടർച്ചയായി ഭക്ഷണശാലയ്ക്കു പുറത്ത് വീണ്ടും തർക്കവും അടിപിടിയുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *