പെരുമ്പാവൂര്‍ എസ്എസ്‌വി കോളേജിൽ കെസിഎയുടെ അത്യാധുനിക ക്രിക്കറ്റ് സെന്‍റർ വരുന്നു

കൊച്ചി: പെരുമ്പാവൂർ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ക്രിക്കറ്റ് സെന്‍റർ ഒരുങ്ങുന്നു. ശ്രീശങ്കര ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്രിക്കറ്റ് ​ഗ്രൗണ്ട് ഉൾപ്പെടുന്ന അത്യാധുനിക സെന്‍റർ നിർമ്മിക്കുന്നത്. സ്ഥലം ഏറ്റെടുത്ത് രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ലക്ഷ്യം. ഇത് സംബന്ധിച്ച കരാറിൽ ശ്രീ ശങ്കര ട്രസ്റ്റ് ചെയർമാൻ അഡ്വ. ശംഭു നമ്പൂതിരി വി, മാനേജർ പ്രൊഫ. ഡോ. ഇ. കൃഷ്ണൻ നമ്പൂതിരി, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ ഒപ്പുവെച്ചു. കെ.സി.എ ക്രിക്കറ്റ് സെന്‍റർ എന്ന പേരിൽ ഒരുങ്ങുന്ന പദ്ധതിയിൽ പ്രധാനമായും രണ്ട് വലിയ ക്രിക്കറ്റ് ഗ്രൗണ്ടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ ഒന്നാമത്തെ ഗ്രൗണ്ട് പൂർണ്ണമായും ക്രിക്കറ്റ് മത്സരങ്ങൾക്കും പരിശീലനത്തിനുമായി മാത്രമാകും ഉപയോഗിക്കുക. ഈ ഗ്രൗണ്ടിനോട് ചേർന്ന് കളിക്കാർക്കായുള്ള പവലിയൻ, ഇൻഡോർ-ഔട്ട്ഡോർ പരിശീലന സൗകര്യങ്ങൾ, തൊഴിലാളികൾക്കുള്ള ക്വാർട്ടേഴ്സ്, ഓഫീസ് സംവിധാനങ്ങൾ, സ്റ്റോർ റൂമുകൾ എന്നിവ സജ്ജമാക്കും.

Leave a Reply

Your email address will not be published. Required fields are marked *