ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച വീഡിയോ സന്ദേശത്തെ പരിഹസിച്ച് സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെ. പ്രധാനമന്ത്രിയുടെ ചര്‍മത്തിന് രാജ്യത്തിന്റെ ഭാവിയേക്കാള്‍ തിളക്കമുണ്ടെന്നാണ് ദീപ്കെയുടെ പരിഹാസം. പാര്‍ലമെന്റില്‍ പൊതു പരീക്ഷ നിയമ ഭേദഗതി ബില്‍ പാസാക്കിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയുടെ താഴെ കമന്റ് സെക്ഷനിലൂടെ ആയിരുന്നു ദീപ്കെയുടെ പ്രതികരണം.
മഹാരാഷ്ട്രയിലെ സ്വന്തം വീട്ടില്‍ തിരികെ എത്തിയ ദീപ്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി പദവി ഒഴിഞ്ഞ് ഇന്ഫ്ളുവന്സറാകുന്നതാകും നല്ലതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മോദി പ്രധാനമന്ത്രി പദവി ഒഴിഞ്ഞാല്‍ മറ്റൊരു നേതാവിന് ആ ഉത്തരവാദിത്തം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ദീപ്കെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി സോഷ്യല്‍ മീഡിയ വീഡിയോകളിലൂടെ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ദീപ്കെയുടെ പ്രതികരണം.
വ്യാഴാഴ്ച പോസ്റ്റ് ചെയ്ത സെല്‍ഫി സ്റ്റൈല്‍ വീഡിയോയില്‍ വിശ്വാസ്യതയുള്ള പരീക്ഷാ വ്യവസ്ഥ സ്ഥാപിക്കുന്നതിന് വേണ്ടിയുടെ പ്രധാനപ്പെട്ട ഒരു നീക്കമാണ് പരീക്ഷ ഭേദഗതി ബില്ലെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. സാങ്കേതിക വിദ്യയിലൂടെയും കര്‍ശനമായ നിയമങ്ങളിലൂടെയും പരീക്ഷാരീതികളെ സര്‍ക്കാര്‍ പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല ‘പേപ്പര്‍ മാഫിയ’യെ വെറുതെ വിടില്ലെന്നും അദ്ദേഹം സന്ദേശത്തില്‍ പറയുന്നുണ്ട്.
നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കുന്നതിന് മുമ്പ് തന്നെ ഇതിലെ നിര്‍ദേശങ്ങള്‍ക്ക് എതിരെ സിജെപി വിമര്‍ശനം ഉന്നയിച്ചിരുന്നു. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനമായ ശിക്ഷാരീതികള്‍ കൊണ്ടുവരുന്നതിലാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുള്ള മാര്‍ഗങ്ങളേക്കാള്‍ പ്രാധാന്യം ശിക്ഷാരീതികള്ക്കാണ് നല്‍കിയിരിക്കുന്നതെന്നും സിജെപി അഭിപ്രായപ്പെട്ടിരുന്നു.
ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതിനെയും ശിക്ഷാ രീതികളെയും കുറിച്ച് വിശദീകരിക്കുന്നതിനിടയിൽ, ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന് നിങ്ങള്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നാണ് സിജെപി വക്താവായ അശുതോഷ് റാങ്കേ ചോദിച്ചത്.
