എറണാകുളം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. ഇതോടെ കേസിൽ ആകെ 14 പ്രതികൾക്ക് ജാമ്യം ലഭിച്ചു. സര്‍ക്കാരിന്റെയും ഇഡിയുടെയും എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ഹൈക്കോടതി ജാമ്യം നൽകിയത്. കഴിഞ്ഞ ദിവസം കേസിലെ ഒമ്പത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ആക്രമണം ഗൗരവമുള്ളതാണെങ്കിലും പ്രതികൾ 67 ദിവസമായി ജയിലിലാണെന്നതും അന്വേഷണം അവസാനഘട്ടത്തിൽ ആണെന്നതും കണക്കിലെടുത്താണ് ജാമ്യം നൽകിയത്.
ഇഡി ഉദ്യോഗസ്ഥർക്ക് ഗുരുതരമായ പരിക്കില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ പ്രതികൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2026 മേയ് 25ന് നടന്ന ആക്രമണ കേസിൽ ആകെ 25 പ്രതികളാണുള്ളത്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന സർക്കാരും പ്രതികളുടെ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ, കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് വളരെ ഗൗരവകരമായ കുറ്റകൃത്യമാണെന്നും ജാമ്യം നൽകരുതെന്നും വാദിച്ചിരുന്നു.
പരിക്കിന്റെ സ്വഭാവമല്ല, മറിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചതിലെ ഉദ്ദേശലക്ഷ്യമാണ് പരിശോധിക്കേണ്ടതെന്ന് ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ദീർഘകാലമായി പ്രതികൾ ജയിലിൽ കഴിയുന്നത് കൂടി പരിഗണിച്ച് കോടതി ജാമ്യം നൽകുകയായിരുന്നു.മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റെയ്ഡ് വിവരമറിഞ്ഞ് പ്രതിഷേധവുമായി സ്ഥലത്തെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും അവരെ കൈയേറ്റം ചെയ്തെന്നുമാണ് ആരോപണം.
