കണ്ണൂര്‍: മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരിഹാസവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്. വി ഡി സതീശന്റെ സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്റര്‍ എംഡിഎംഎ കേസില്‍ പിടിയിലാകുന്നുവെന്നും ആര്‍എസ്എസ് വര്‍ഗീയവാദി ടി ജി മോഹന്‍ദാസിന് എളുപ്പത്തില്‍ ജാമ്യം കിട്ടാന്‍ കേരള പൊലീസ് സഹായിക്കുന്നുവെന്നും പി ജയരാജന് പറഞ്ഞു. എന്തൊക്കെയാ ഈ കൊച്ചു കേരളത്തില്‍ നടക്കുന്നത് എന്നും അദ്ദേഹം പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.തിങ്കളാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹുസൈന് ലഹരിക്കേസില്‍ പിടിയിലാകുന്നത്.
മുഹമ്മദ് ഹുസൈനൊപ്പം എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുള്‍ സലാം, കെ എച്ച് മുഹമ്മദ് ഹുസൈന്, പി എ അബ്ബാസ് എന്നിവരും പിടിയിലായിരുന്നു. കാലിക്കടവില്‍ വെച്ച് 139.29 ഗ്രാം എംഡിഎംഎയുമായാണ് സംഘം പിടിയിലാകുന്നത്. വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റായിരുന്നു ഹുസൈന്. മുഹമ്മദ് ഹുസൈന് കോണ്‍ഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു. മുമ്പ് ഹുസൈന്റെയും സലാമിന്റെയും വീട്ടില്‍ വി ഡി സതീശന് സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഇന്നലെയാണ് ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ സംഘപരിവാര്‍ സഹയാത്രികന് ടി ജി മോഹന്‍ദാസിന് ജാമ്യം ലഭിച്ചത്. പൊലീസിന്റെ ഗുരുതര വീഴ്ചകള്‍ എണ്ണമിട്ട് നിരത്തുന്നതായിരുന്ന തിരുവനന്തപുരം സിജെഎം കോടതിയുടെ ജാമ്യ ഉത്തരവ്. പ്രതിക്ക് നോട്ടീസ് നല്‍കാത്തത് പൊലീസിന്റെ പരാജയമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. പ്രതിക്ക് നോട്ടീസ് നല്‍കാത്തത് പൊലീസിന് തൃപ്തികരമായി ന്യായീകരിക്കാനായില്ല എന്നാണ് കോടതി നിരീക്ഷണം. അറസ്റ്റ് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. സുപ്രീംകോടതിയുടെ ഭരണഘടനാപരമായ നിര്‍ദ്ദേശത്തെ പൊലീസ് അവഗണിച്ചു.
അറസ്റ്റ് നിയമ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.അതേസമയം മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ലഹരിക്കേസില്‍ പിടിയിലായതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ വാര്‍ത്ത ഫേസ്ബുക്കില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ റിമൂവ് ചെയ്യിപ്പിച്ചു. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായ വാര്‍ത്തയാണ് മെറ്റ റിമൂവ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയാത്ത വിധത്തില്‍ വാര്‍ത്ത ഫേസ്ബുക്ക് നിയന്ത്രിച്ചിരിക്കുകയാണ്.
