കൊച്ചി: സലിം കുമാറിൻ്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. സലിം കുമാറിൻ്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പ് പങ്കുവെച്ചു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാർ എന്നും കുടുംബത്തിൻ്റെയും ആരാധകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കുറിപ്പിൽ പറഞ്ഞു.
സലിം കുമാറിൻ്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്ക് ചേരുന്നുവെന്നും രാഹുൽ ഗാന്ധി അറിയിച്ചു. മലയാള ചലച്ചിത്ര മേഖലയിലെ ഒരു അതികായനായിരുന്നു സലിം കുമാറെന്നും ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിക്കുകയും സ്പർശിക്കുകയും ചെയ്ത ദേശീയ അവാർഡ് ജേതാവാണെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു.
അതേസമയം നടൻ സലിം കുമാറിന് നാട് വിട നൽകി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്കാരം. പറവൂരിലെ വീട്ടുവളപ്പിൽ ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു സംസ്കാര ചടങ്ങുകൾ. മരിക്കുമ്പോൾ മതപരമായ ചടങ്ങുകൾ ഒഴിവാക്കി സംസ്കരിക്കണമെന്ന് സലിം കുമാർ മുൻപ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. വീട്ടുവളപ്പിൽ സംസ്കരിക്കണമെന്ന ആഗ്രഹവും കുടുംബാംഗങ്ങളോട് പങ്കുവെച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്കാര ചടങ്ങുകൾ ക്രമീകരിച്ചത്. സലിം കുമാറിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. രാവിലെ എട്ട് മണിയോടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയിൽ നിന്നും നടന്റെ മൃതദേഹം പറവൂരിലെ ടൗൺഹാളിലേക്ക് പൊതുദർശനത്തിന് എത്തിച്ചത്. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ നിരവധിപേർ സലിംകുമാറിന് അന്തിമോപചാരമർപ്പിക്കാനെത്തി. സ്വവസതിയായ ലാഫിങ് വില്ലയിലും നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തെ കണ്ടുമടങ്ങിയത്.
