ന്യൂഡൽഹി: രാജ്യത്തെ വ്യോമസേനയ്ക്കായി 60 ബഹുമുഖ യാത്രാവിമാനങ്ങൾ വാങ്ങുന്നതിന് ഒരുലക്ഷം കോടി രൂപയുടെ ടെൻഡർ ക്ഷണിച്ച് പ്രതിരോധമന്ത്രാലയം. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, മഹീന്ദ്ര, അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പെയ്സ്, റിലയൻസ് ഡിഫൻസ് എന്നീ ഇന്ത്യൻ കമ്പനികളെ ടെൻഡറിൽ ഉൾപ്പെടുത്തി. മിലിട്ടറി ഏവിയേഷൻ നിർമാണ മേഖലയിൽ തദ്ദേശീയനിർമിതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ കമ്പനികളെയടക്കം ടെൻഡറിൽ ഉൾപ്പെടുത്തിയതെന്ന് പ്രതിരോധ
മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
വിദേശ പ്രതിരോധ കമ്പനികളുമായി സഹകരിച്ച് ഇന്ത്യൻ കമ്പനികൾക്ക് ഇവ തദ്ദേശീയമായി നിർമിക്കാം. 18 മുതൽ 30 ടൺ വരെ വാഹകശേഷിയുള്ള വിമാനങ്ങളാണ് വ്യോമസേന ലക്ഷ്യമിടുന്നത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനുമായി ചേർന്ന് സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനം നിർമിക്കാനാണ് ഒരുങ്ങുന്നത്. ബ്രസീലിയൻ കമ്പനിയായ എംബ്രയറുമായി കൈകോർത്താണ് മഹീന്ദ്ര ഗ്രൂപ്പ് കെ.സി-390 മില്ലെനിയം വിമാനം നിർമിക്കാൻ ലക്ഷ്യമിടുന്നത്.
