തൃശ്ശൂർ: തൃശ്ശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തത്. എട്ടു വയസ്സുകാരൻ ആൽജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നു.
തലയിണയ്ക്കുള്ളിലുണ്ടായിരുന്ന പാമ്പായിരുന്നു ഇരുവരെയും കടിച്ചത്. രാത്രി ചൂട് കൂടിയത് കാരണം വീടിന്റെ ഹാളിലാണ് കുട്ടികള്‍ കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടന്നു. രാത്രി രണ്ട് മണിയോടെ കുട്ടികള്‍ക്ക് വയറ് വേദനിക്കുന്നു എന്ന് പറഞ്ഞ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. വൈകിട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങി എത്തിയ ശേഷം കുട്ടികള്‍ ജ്യൂസ് കഴിച്ചിരുന്നു. അതിനാലാകാം വയറുവേദന എന്ന് കരുതി ജീരകവെള്ളം തിളപ്പിച്ച് നല്കി. പിന്നീട് പുലര്‍ച്ചെ രണ്ട് കുട്ടികളുടെയും വായില്‍ നിന്ന് നുരയും പതയും വരുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ കുട്ടികളുടെ പിതാവ്രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ആല്‍ജോ മരിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാമ്പുകടിച്ചതായി കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലും ആല്‍ജോയ്ക്ക് പാമ്പുകടിയേറ്റതായി വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസവും ഇതേ വീട്ടില്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയായിരുന്നു അന്നും കണ്ടെത്തിയത്. അന്ന് വീട്ടുകാര്‍ ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നിരുന്നു. ഇതിന് ശേഷം ആല്‍ജോയുടെ മൃതദേഹം സംസ്കരിക്കുന്നതിന് വീട്ടില്‍ എത്തിച്ചപ്പോഴും പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വീടിന്റെ പരിസരത്ത് തീയിടുകയും ചെയ്തിരുന്നു.
