നിതിന്റെ മരണം: ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ രണ്ടാം പ്രതിയായ ഡോ.സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി. പിന്നാലെ സം​ഗീതയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. മുൻ‌കൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ സംഗീത നമ്പ്യാർ നേരിട്ട് ഹാജരാക്കിയിരിക്കുന്നത്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ ഒന്നാം പ്രതിയായ ഡോ. എം കെ റാമും, രണ്ടാം പ്രതിയായ ഡോ സംഗീത നമ്പ്യാരും ഒളിവിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഡോ സംഗീത നമ്പ്യാർ നേരിട്ടെത്തി ജാമ്യമെടുത്തത്.

കഴിഞ്ഞ ദിവസം തലശ്ശേരി അഡിഷനൽ സെഷൻസ് കോടതി നാല് ഡോ സംഗീത നമ്പ്യാർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ഒന്നാം പ്രതിയായ എം. കെ റാമിന് മുൻ‌കൂർ ജാമ്യം കോടതി നിഷേധിച്ചിരുന്നു. പതിനേഴ് ദിവസത്തെ ഒളിവിന് ശേഷമാണ് സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. ജാതി അധിക്ഷേപം നടത്തിയില്ലെന്ന് സംഗീത അന്വേഷണ സംഘത്തിന് മൊഴി നൽകി. എന്നാൽ സംഗീത നമ്പ്യാരെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.

ഒന്നാം പ്രതിയായ ഡോക്ടർ എം. കെ റാമിനായി സംസ്ഥാനത്തിന് പുറത്തും തെരച്ചിൽ തുടരുകയാണ്. മൂന്ന് സംഘങ്ങളായി കർണാടകയിലും ആന്ധ്രയിലുമാണ് പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ നടത്തുന്നത്. റാമിന്റെ ഫോണ്‍ സ്വിച്ച് ഓഫെന്നാണ് വിവരം. ഇതിനിടെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. ഡോ. റാം അടക്കം നിതിന്‍രാജിന്‍റെ മരണത്തില്‍ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു മലപ്പുറം കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേ‍ഡ് ചാടിക്കടന്ന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *