ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാല ജില്ലയിലെ രാജ്‌പുരയ്ക്ക് സമീപം റെയിൽവേ ട്രാക്കിൽ സ്ഫോടനം. പാളത്തിന് കേടുപാട് സംഭവിച്ചെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സ്ഫോടനത്തെത്തുടർന്ന് ഈ പാതയിലിലൂടെയുള്ള റെയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. കൂടാതെ, സ്ഫോടന സമയം പാതയിലൂടെ ട്രെയിനുകൾ വരാതിരുന്നാൽ വൻ ദുരന്തം ഒഴിവായി. ട്രാക്കിൽ ചെറിയ വിള്ളലുകൾ വീണതായി റയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
സംഭവസ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും ആർപിഎഫും പരിശോധന നടത്തി. സ്ഫോടനത്തിന് പിന്നിൽ അട്ടിമറി ശ്രമമുണ്ടോ എന്ന് എൻഐഎ ഉൾപ്പെടെ അന്വേഷിക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് അംബാല- ലുധിയാന റൂട്ടിലെ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടു. ട്രാക്കിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് സ്ഫോടകവസ്തുക്കളുടെ അവശിഷ്ട്ടങ്ങൾ കണ്ടെടുത്തതായും അവ ലാബ് പരിശോധനയ്ക്ക് അയച്ചതായും പോലീസ് വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.
