ന്യൂഡൽഹി: 76ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവായി തുടരുന്ന മോദി പാർട്ടിയിലെയും സർക്കാരിലെയും ആധിപത്യം ഇന്നും നിലനിർത്തുകയാണ്. ജന്മദിനാഘോഷങ്ങളോടൊപ്പം മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും തുടർച്ചയായി 25 വർഷം മോദി പൂർത്തിയാകുന്നതും ബിജെപി ഒരു മാസം നീളുന്ന പരിപാടികളോടെ ആഘോഷിക്കുകയാണ്. ഇന്ന് രാജ്യമെമ്പാടും വൈകീട്ട് 6 മണിമുതൽ ദീപങ്ങൾ തെളിക്കാൻ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.
എൻഡിഎ നേതാക്കളെല്ലാം ഇന്ന് മോദിക്കൊപ്പം വാരാണസിയിലെ പരിപാടിയിൽ പങ്കെടുക്കും. ഗുജറാത്ത് മെഹ്സാന ജില്ലയിലെ വട്നഗറിൽ 1950 സെപ്റ്റംബർ 17ന് തുടങ്ങിയ നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ ജീവിതം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും നിർണായക ഏടുകൾ എഴുതിചേർക്കുകയാണ്. പതിനേഴാം വയസിൽ ആർഎസ്എസിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. 1987ൽ മുപ്പത്തിയേഴാം വയസിൽ ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറിയായി. 2001ൽ മുഖ്യമന്ത്രിയായി. ഗുജറാത്ത് കലാപത്തിനു ശേഷമുള്ള വിവാദങ്ങളും നിയമനടപടികളും നേരിട്ട് 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലുമെത്തി.
ഇന്ന് ലോകത്തെ കരുത്തരായ നേതാക്കളിൽ ഒരാളായി മോദി മാറി കഴിഞ്ഞു. സംഘപരിവാർ സ്വപ്നം കണ്ട പല ലക്ഷ്യങ്ങളും മോദി ഭരണത്തിലാണ് യാഥാർത്ഥ്യമായത്. അയോധ്യ രാമക്ഷേത്രം, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, വഖഫ് നിയമ ഭേദഗതി എന്നിവ നടപ്പിലാക്കി. ഏകീകൃത സിവിൽകോഡ് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ നടപടിയും തുടങ്ങി. റിട്ടയർമെന്റ് ചർച്ചകൾ മറികടന്ന് നരേന്ദ്രമോദി പാർട്ടിയിലും സർക്കാറിലും സമ്പൂർണ ആധിപത്യം നേടുന്നതാണ് കഴിഞ്ഞ ഒരു വർഷം ദേശീയ രാഷ്ട്രീയം കണ്ടത്. യുവാക്കളുടെ സമരത്തിന് പിന്നാലെ മാറിമറിഞ്ഞ ദേശീയ രാഷ്ട്രീയമാണ് അധികാരത്തിൽ 25 വർഷം പൂർത്തിയാക്കുന്ന മോദിക്ക് മുന്നിലുള്ള വെല്ലുവിളി.
