കെ. സി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ വഴിപാട് നടത്തി യൂത്ത് കോൺഗ്രസ് നേതാവ്

പാലക്കാട്: കെ. സി വേണുഗോപാൽ മുഖ്യമന്ത്രി ആകുന്നതിന് കളഭം കൊണ്ട് തുലാഭാരം വഴിപാട് നടത്തി യൂത്ത് കോൺ​ഗ്രസ് നേതാവ്. പാലക്കാട് ഒലവക്കോട്, കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ആയ അഡ്വക്കേറ്റ് സി.എം അനിൽകുമാർ ആണ് വഴിപാട് നേർന്നത്. കെ. സി ഇഷ്ടപ്പെടുന്നയാളാണ്, മനസ്സിൽ കെ. സി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. ഇത് പരസ്യപ്രസ്താവനയല്ല ഒരു വഴിപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി ക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ടാണ് കൈപ്പത്തി കോൺഗ്രസിന്റെ ചിഹ്നം ആക്കിയതെന്നും അനിൽകുമാർ പറഞ്ഞു. മെയ് 18നാണ് കളഭം കൊണ്ട് അദ്ദേഹം തുലാഭാരം നേർന്നത്. കെ. സി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറി എന്ന പേരിലാണ് തുലാഭാരം നേർന്നത്.

അതേസമയം അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ പിണറായി സർക്കാർ വരുത്തി വെച്ചതാണ് കേരളത്തിലെ വൈദ്യുതി നിയന്ത്രണമെന്ന ഇരുട്ടടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എംപി ഇന്നലെ പ്രതികരിച്ചിരുന്നു. കുറഞ്ഞ വിലയ്ക്ക് ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ പിണറായി സർക്കാർ റദ്ദാക്കിയതിന് പിന്നിലുള്ള ഗൂഢാലോചന ഉൾപ്പെടെ വൈദ്യുതി വകുപ്പിലെ അഴിമതിക്കെതിരെ യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉടനെ കടുത്ത നടപടിയെടുക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ കാലത്തെ കരാര്‍ റദ്ദാക്കി, ബോർഡിന് നഷ്ടം വരുത്തിക്കൊണ്ടുള്ള വൈദ്യുതി പർച്ചേസ് നടത്തുകയാണ് പിണറായി സർക്കാർ ചെയ്തത്. അഴിമതിപ്പണം മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പകൽ പോലെ വ്യക്തം. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാർ എന്ത് കാരണം പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ റദ്ദാക്കിയതെന്നും കെ. സി വേണുഗോപാൽ ചോദിച്ചു. വൈദ്യുതി ബില്ലിനെപ്പോലും രാഷ്ട്രീയവത്കരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടവരാണ് കൊടുംചൂടുകാലത്ത് കിടന്നുറങ്ങാൻ പോലും കഴിയാത്ത കേരള ജനതയെ വെല്ലുവിളിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞതിനാലും അധികാരത്തിൽ വരില്ലെന്ന തികഞ്ഞ ബോധ്യമുള്ളതിനാലും അരമണിക്കൂറല്ല, ഒരുമണിക്കൂർ പോലും വൈദ്യുതി നിയന്ത്രിക്കാൻ പിണറായി തയ്യാറായാലും അത്ഭുതമില്ലെന്നും കെ. സി വേണുഗോപാൽ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *