ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. കോൺഗ്രസ്, സിജെപി, ഐസ അടക്കമുള്ള സംഘടന പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം പ്രതിഷേധത്തിന് ജന്തർ മന്തറിൽ അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രദേശം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്.
പ്രതിഷേധം തടഞ്ഞതോടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥയാണുള്ളത്. ഒരുവിഭാഗം ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ മുഖംമൂടി ധരിച്ചയാളെ അറസ്റ്റ് ചെയ്ത് പ്രതീകാത്മക പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് നടത്തിയത്.
ഡൽഹി, ഉത്തർപ്രദേശ്, ഛണ്ഡീഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലടക്കം പ്രതിഷേധം നടക്കുകയാണ്. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തും ജന്തർ മന്തിറിലും വൻ പ്രതിഷേധം. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയും വോട്ടർപട്ടികയുടെ കൃത്യതയും സംബന്ധിച്ച രാഷ്ട്രീയ തർക്കം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് രാജ്യവ്യാപക പ്രതിഷേധങ്ങൾ.
