കാത്തിരിപ്പ് നീളും; യാഷ് ചിത്രം ‘ടോക്സിക്കി’ന്റെ റിലീസ് മാറ്റി

റോക്കിംഗ് സ്റ്റാർ യാഷ് നായകനായി എത്തുന്ന ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സിന്റെ റിലീസ് തീയതിയിൽ മാറ്റിയതായി നിർമാണ കമ്പനികളായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും അറിയിച്ചു. 2026 ജൂൺ 4ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം, പുതിയ തീയതിയിൽ ആഗോളതലത്തിൽ വിപുലമായി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.

സിനിമാകോൺ 2026 വേദിയിൽ ചിത്രത്തിന്റെ പ്രത്യേക അവതരണം മികച്ച പ്രതികരണം നേടിയിരുന്നു. ആഗോള വിതരണക്കാരിലും അന്താരാഷ്ട്ര സിനിമാ മേഖലയിലെ പ്രമുഖരിലും നിന്നുള്ള മികച്ച പ്രതികരണം ചിത്രത്തിന് കൂടുതൽ വലിയ അന്താരാഷ്ട്ര റിലീസിനുള്ള സാധ്യതകൾ തുറന്നതായാണ് റിപ്പോർട്ട്. ഇതോടെയാണ് ചിത്രത്തിന്റെ റിലീസ് പുതുക്കി ആലോചിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്. ചിത്രം പൂർത്തിയായ സാഹചര്യത്തിൽ ആഗോള വിതരണ കരാറുകളും പ്രധാന അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികളിലാണ് നിർമ്മാതാക്കൾ. യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗീതു മോഹൻദാസ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കും. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *