കേരള പൊലീസ് പേപ്പർലെസ് സംവിധാനത്തിലേക്ക് മാറുന്നു

തിരുവനന്തപുരം: കേരള പൊലീസ് ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാൻ പൂർണമായും പേപ്പർലെസ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നു. ക്രിമിനൽ കേസുകളിലെ കുറ്റപത്രങ്ങളും അന്തിമ അന്വേഷണ റിപ്പോർട്ടുകളും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കാനുള്ള സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. നിലവിൽ പ്രതികൾക്കും അഭിഭാഷകർക്കും നൂറുകണക്കിന് പേജുകളുള്ള രേഖകൾ പ്രിന്റ് ചെയ്ത് നൽകുന്ന രീതിക്ക് പകരം, ഒറ്റ ക്ലിക്കിൽ ഇ-മെയിൽ വഴിയോ മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയോ ഡിജിറ്റൽ പകർപ്പ് ലഭ്യമാക്കാനാണ് ആലോചന.

ഇതിന്റെ നിയമസാധുതയും തുടർനടപടികളും ചർച്ച ചെയ്യാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കുറ്റപത്രങ്ങൾക്ക് പുറമെ പോലീസിന്റെ ഔദ്യോഗിക ചടങ്ങുകൾക്കായുള്ള ക്ഷണക്കത്തുകളും പൂർണ്ണമായി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ തീരുമാനമായിട്ടുണ്ട്. സേനയുടെ പാസിംഗ് ഔട്ട് പരേഡുകൾ, പുതിയ പോലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനങ്ങൾ തുടങ്ങിയ വിവിധ ഔദ്യോഗിക പരിപാടികൾക്കായി ഇനിമുതൽ കടലാസ് ക്ഷണക്കത്തുകൾ വ്യാപകമായി അച്ചടിക്കില്ല.

ഗവർണർ, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മറ്റ് വിശിഷ്ട വ്യക്തികളായ മന്ത്രിമാർ തുടങ്ങിയ മുഖ്യാതിഥികൾക്ക് മാത്രമായി അച്ചടിച്ച ക്ഷണക്കത്തുകൾ പരിമിതപ്പെടുത്തും. ഡിജിറ്റൽ ആശയവിനിമയങ്ങളും വാട്സാപ്പും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ഇക്കാലത്ത് കത്തുകൾ അച്ചടിച്ച് വിതരണം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന അനാവശ്യമായ സാമ്പത്തിക ബാധ്യതയും സമയനഷ്ടവും ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *