കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രണ്ടാം ഘട്ടത്തിൽ പോളിംഗ് ശതമാനം റെക്കോഡ് കടന്നു. രണ്ടാം ഘട്ടത്തിൽ 90 ശതമാനത്തിന് മുകളിലാണ് പോളിംഗ്. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 89.99 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഹൂഗ്ലി, പൂർബ ബർധമാൻ എന്നീ ജില്ലകളിൽ പോളിംഗ് 90 ശതമാനം കടന്നു. മമത ബാനർജിയും സുവേന്ദു അധികാരിയും നേർക്കുനേർ പോരാടുന്ന ഭവാനിപൂരിൽ 85.51 ശതമാനത്തിലധികം വോട്ടുകൾ പോൾ ചെയ്തു. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് നടന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സര രംഗത്തുള്ളത്.
152 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തിൽ 93.19 ശതമാനമെന്ന രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിലും സമാനമാകും അന്തിമ കണക്കെന്നാണ് വ്യക്തമാകുന്നത്. ഉടൻ തന്നെ പുറത്തുവരാനിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ എന്താകുമെന്നതാണ് മുന്നണികളും രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്.
അതേസമയം പോളിംഗ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സൗത്ത് 24 പർഗാനസിലെ സത്ഗാചിയയിലും ഭവാനിപൂരിലും സംഘർഷമുണ്ടായി. ബർധമാനിലും ഫാൽത്തയിലും വോട്ട് ചെയ്യാനെത്തിയവരെ കേന്ദ്രസേന മർദിച്ചതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സേനയുടെ ലാത്തിച്ചാർജിൽ കുഞ്ഞിന് പരിക്കേറ്റു. അമിത് ഷായുടെ നിർദ്ദേശപ്രകാരം കേന്ദ്രസേന സാധാരണക്കാരെ വേട്ടയാടുകയാണെന്ന് മഹുവ മൊയ്ത്ര എംപി കുറ്റപ്പെടുത്തി. നാദിയ ജില്ലയിലെ ചപ്രയിൽ ബിജെപി ബൂത്ത് ഏജന്റിന് നേരെ തോക്കുമായെത്തിയ സംഘം ആക്രമണം നടത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ, പൂർബ ബർധമാനിലെ കേതുഗ്രാം മണ്ഡലത്തിൽ ചാക്കിൽ നിറച്ച നിലയിൽ ബോംബുകൾ കണ്ടെടുത്തതും പരിഭ്രാന്തി പരത്തി.
