തിരുവനന്തപുരം: പത്മരാജൻ രതീഷ്, ഷോബി തിലകൻ, അശ്വതി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീർ ബി.എൻ. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വല്ലി’ എന്ന ഫാന്റസി ത്രില്ലർ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. “മാണിക്യവല്ലിയേ, ശക്തിസ്വരൂപിണിയേ…” എന്നു തുടങ്ങുന്ന ഗാനം സരിത രാജീവാണ് ആലപിച്ചിരിക്കുന്നത്. രാജേഷ് ട്വിങ്കിൾ എഴുതിയ വരികൾക്ക് ഷാ ബ്രോസ് സംഗീതം പകർന്നിരിക്കുന്നു.
പ്രാണ ക്രിയേഷൻസിന്റെ ബാനറിൽ രജിത് എസ്. കഥയെഴുതി നിർമ്മിക്കുന്ന ചിത്രത്തിൽ ബിനോജ് കുളത്തൂർ, കുമാർ സേതു, പ്രസാദ് മുഹമ്മ, ഭദ്ര വെങ്കിടേശ്, ബെന്നി ജോൺ, അരുൺ സോൾ, ജയറാം, ശോഭ തുടങ്ങിയവരും അഭിനയിക്കുന്നു.
രാജേഷ് ട്വിങ്കിൾ, രതീഷ് ചന്ദ്രൻ ചേപ്പാട് എന്നിവർ എഴുതിയ വരികൾക്ക് ഷാ ബ്രോസും ടോണി വിൽസണും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. സരിത രാജീവ്, പ്രസൂന, ടോണി വിൽസൺ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ടോണി വിൽസണാണ് നിർവഹിക്കുന്നത്.
രഞ്ജിത് മുരളിയാണ് ഛായാഗ്രഹണം. പ്രശോഭ് ശേഖരൻ എഡിറ്റിംഗും ഗോകുൽ വിനു അസോസിയേറ്റ് സംവിധാനവും നിർവഹിക്കുന്നു. വിഷ്ണു വി.എൻ. ഓഡിയോഗ്രാഫിയും മുത്തു കലാസംവിധാനവും മുരളി മലയം വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ബെൻ കാച്ചിപ്പിള്ളിയാണ് കളറിസ്റ്റ്. വിനു രാമകൃഷ്ണൻ വി.എഫ്.എക്സ് വിഭാഗവും ഭരത് വിനു പോസ്റ്റർ ഡിസൈനും നീതു ലാൽ കൊറിയോഗ്രാഫിയും കൈകാര്യം ചെയ്യുന്നു. അമേരിക്കയിൽ നിന്നുള്ള പ്രദീപ് എൻ. സൗപർണികയാണ് ലൈൻ പ്രൊഡ്യൂസർ.
തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘വല്ലി’ ഉടൻ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.



