വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച കോശങ്ങളുടെ പരിശോധനയിലാണ് ലങ് അഡിനോകാർസിനോമ കണ്ടെത്തിയത്.
71 കാരനായ മാർപാപ്പയുടെ വലത് ശ്വാസകോശത്തിലെ താഴത്തെ ലോബ് ചൊവ്വാഴ്ച നടത്തിയ 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. നടപടിക്രമം വിജയകരമായിരുന്നുവെന്നും മാർപാപ്പ ബോധം വീണ്ടെടുത്ത് ആശുപത്രിയിൽ വിശ്രമത്തിലാണെന്നും മുഖ്യ സർജൻ പ്രൊഫസർ സ്റ്റെഫാനോ മാർഗരിറ്റോറ അറിയിച്ചു. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനായത് ആശ്വാസകരമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ആരോഗ്യസ്ഥിതി പരിഗണിച്ച് ഒക്ടോബർ 20 വരെ മാർപാപ്പയുടെ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്. നവംബർ ആദ്യം നിശ്ചയിച്ച ലാറ്റിൻ അമേരിക്കൻ പര്യടനത്തിന്റെ കാര്യത്തിൽ പിന്നീട് തീരുമാനമറിയിക്കും. 1955ൽ ഷിക്കാഗോയിൽ റോബർട്ട് പ്രിവോസ്റ്റ് എന്ന പേരിൽ ജനിച്ച ലിയോ പതിനാലാമൻ മാർപാപ്പയുടെ രോഗവിവരം പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾ അദ്ദേഹത്തിന്റെ വേഗത്തിലുള്ള രോഗമുക്തിക്കായി പ്രാർത്ഥിക്കുകയാണ്.


