തിരുവനന്തപുരം: ചെറുവയൽ രാമന് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി വി. ഡി സതീശൻ. വയനാടിന്റെ മണ്ണില് തലമുറകളുടെ ഓര്മ്മകള്ക്ക് കാവല് നിന്ന കര്ഷകനായിരുന്നു ചെറുവയല് രാമനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു അന്യംനിന്നു പോയേക്കാമായിരുന്ന പാരമ്പര്യ നെല് വിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി, വരും തലമുറയ്ക്കു കരുതിവച്ച ചെറുവയല് രാമന് യാഥാര്ത്ഥത്തില് കാര്ഷിക പൈതൃകത്തിന്റെ കാവല്ക്കാരനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൃഷി വെറുമൊരു ഉപജീവനമാര്ഗമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം ലോകത്തോട് പറഞ്ഞു.
മണ്ണിന്റെ മണവും വിത്തുകളുടെ കരുതലും കൃഷിയുടെ നന്മയും പുതിയ തലമുറയ്ക്ക് പകര്ന്നു നല്കിയ ആ ജീവിതം എക്കാലവും ഓര്മിക്കപ്പെടും. യുഡിഎഫ് സര്ക്കാര് അധികാരമേറ്റെടുത്ത ശേഷം ചിങ്ങം ഒന്നിന് പ്രഖ്യാപിച്ച പ്രഥമ ഉമ്മന്ചാണ്ടി സ്മാരക കാര്ഷിക പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കാന് കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമായിരുന്നു. ചെറുവയല് രാമന്റെ വിയോഗം കേരളത്തിന്റെ കാര്ഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണ്. അദ്ദേഹം കാത്തു സൂക്ഷിച്ച ഓരോ വിത്തിലും വരും തലമുറയ്ക്കുള്ള പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ മണ്ണില് നിലനിര്ത്തുക എന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവെന്നും വി ഡി സതീശന് പറഞ്ഞു.
ഇന്ന് ഉച്ചയോടെയായിരുന്നു ചെറുവയൽ രാമന്റെ അന്ത്യം. വയറ് വേദനയെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്തരിച്ചത്. വയനാട് എടവക പഞ്ചായത്തിലെ കമ്മനയിൽ ചെറുവയൽ കുറിച്യ തറവാട്ടിൽ ജനിച്ച രാമൻ വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനെന്ന നിലയിലാണ് പ്രസിദ്ധനായത്. രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച ചെറുവയൽ രാമന് അടുത്തിടെയാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി കാർഷിക പുരസ്കാരം ലഭിച്ചത്. കാലാവസ്ഥ വ്യതിയാനങ്ങളെ പോലും അതിജീവിക്കാൻ ശേഷിയുള്ള ഏതാണ്ട് 55ഓളം നെൽവിത്തുകൾ അദ്ദേഹം സരക്ഷിച്ച് സൂക്ഷിച്ചിരുന്നു. ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാറിൽ അടക്കം ലോകത്തിലെ 11ഓളം രാജ്യങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട വിവിധ സമ്മേളനങ്ങളിൽ ചെറുവയൽ രാമൻ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.



