കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയനടക്കമുള്ളവരുടെ അപ്പീൽ അനുമതി ഹർജികൾ തള്ളി ഹൈക്കോടതി. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ പരിഗണിക്കാൻ അനുമതി നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയതെന്നും ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് സർക്കാരും കോടതിയിൽ സ്വീകരിച്ചത്.
എന്നാൽ അപ്പീൽ അനുവദിക്കരുതെന്ന നിലപാടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്വീകരിച്ചത്. ഇഡിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഹർജികൾ തള്ളിയത്.
ഇതോടെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീൽ നടപടികൾക്ക് തിരിച്ചടിയായി. കേസിൽ പിണറായി വിജയന് അനുകൂല നിലപാട് സ്വീകരിച്ച സർക്കാരിനും ഹൈക്കോടതി തീരുമാനം തിരിച്ചടിയായി.



