കൊച്ചി: സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ കേരളത്തിലെ തിയേറ്ററുകളിലെത്തി. 800 സ്ക്രീനുകളിലായി 4000-ലേറെ ഷോകളോടെയാണ് ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്തിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്.
ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിൽ നിന്ന് ഏകദേശം എട്ട് കോടി രൂപയുടെ പ്രീ-സെയിൽസ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ ആറുമുതൽ പ്രദർശനങ്ങൾ ആരംഭിച്ചു.
പല തിയേറ്ററുകളിലും ആദ്യദിന ഷോകൾ നേരത്തേ തന്നെ ഹൗസ്ഫുള്ളായിരുന്നു. തൃശൂർ രാഗം ഉൾപ്പെടെയുള്ള തിയേറ്ററുകളിൽ 24 മണിക്കൂർ മാരത്തോൺ പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.
മോഹൻലാലിന്റെ സാന്നിധ്യമാണ് മലയാളി പ്രേക്ഷകരുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ശിവ രാജ്കുമാറും രണ്ടാം ഭാഗത്തിൽ തിരിച്ചെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. രജനികാന്തിന്റെയും മോഹൻലാലിന്റെയും സാന്നിധ്യത്തോടെ എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ ലഭിക്കുന്ന പ്രതികരണമാണ് ഇനി ശ്രദ്ധേയം.
രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ, നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ. നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി’സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ ജി., സൗണ്ട് ഡിസൈൻ: സുരേൻ ജി., എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡി.ഐ. ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വി.എഫ്.എക്സ്. പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർമാർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, പി.ആർ.ഒ: ശബരി



