തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഫീസ് അഞ്ച് രൂപയിൽനിന്ന് പത്ത് രൂപയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിരക്ക് വർധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി തേടാനാണ് ബോർഡിന്റെ തീരുമാനം. പമ്പയിലെ ശുചിമുറികൾ പൂർണമായും സൗജന്യമാക്കുന്നതിനാണ് ബുക്കിങ് ഫീസ് വർധിപ്പിക്കുന്നതെന്നാണ് ബോർഡിന്റെ വിശദീകരണം.
നിരക്ക് വർധന നിലവിൽ വന്നാൽ ഭക്തർക്ക് പണം നൽകാതെ ശുചിമുറികൾ ഉപയോഗിക്കാനാകും. ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം പരാതികൾക്ക് ഇടയാക്കുമെന്ന് ഭരണസമിതിയിൽ അഭിപ്രായമുയർന്നെങ്കിലും ഭക്തർക്ക് ഗുണകരമാകുന്ന മാറ്റമാണെന്ന നിലപാടിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ദർശനം ക്രമീകരിക്കുന്നതിനുമാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. ഭക്തർക്ക് ദർശനത്തിനായി ഓൺലൈനിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം. നിലവിൽ അഞ്ച് രൂപയാണ് ബുക്കിങ് ഫീസായി ഈടാക്കുന്നത്. ഈ തുക ഇരട്ടിയാക്കുന്നതിലൂടെ ലഭിക്കുന്ന അധിക വരുമാനം പമ്പയിലെ ശുചിമുറികൾ സൗജന്യമായി ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് വിനിയോഗിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.
അതേസമയം, തുലാമാസ പൂജയ്ക്കിടെ സന്നിധാനത്തെ മുറികൾ കൂട്ടത്തോടെ ബുക്ക് ചെയ്ത സംഭവത്തിൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. ട്രാവൽ ഏജൻസികൾ വൻതോതിൽ മുറികൾ ബുക്ക് ചെയ്തതോടെ സാധാരണ ഭക്തർക്ക് മുറികൾ ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് നടപടി. മുറികളുടെ ബുക്കിങ് നടപടികളിൽ ക്രമക്കേടുകളുണ്ടോയെന്നും ഭക്തർക്ക് ബുക്കിങ് സൗകര്യം നിഷേധിക്കപ്പെടുന്നുണ്ടോയെന്നും പരിശോധിക്കും.



