പാലക്കാട്: ജില്ലയിൽ നെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കാൻ കൂടുതൽ പാഡി മാർക്കറ്റിംഗ് ഓഫീസർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ രമേഷ് പിഷാരടി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിക്ക് കത്ത് നൽകി. കൊയ്ത്ത് കഴിഞ്ഞിട്ടും പലയിടങ്ങളിലും നെല്ല് സംഭരണം വൈകുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് നടപടി.
ജില്ലയിൽ ആവശ്യത്തിന് പാഡി മാർക്കറ്റിംഗ് ഓഫീസർമാർ ഇല്ലാത്തതാണ് നെല്ല് സംഭരണം വൈകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി. നിലവിൽ രണ്ട് പാഡി മാർക്കറ്റിംഗ് ഓഫീസർമാർ മാത്രമാണ് ജില്ലയിലുള്ളത്. കഴിഞ്ഞ വർഷം മൂന്ന് ഓഫീസർമാരുണ്ടായിരുന്നെങ്കിലും ഒരാളെ കൃഷിവകുപ്പിലേക്ക് മാറ്റി നിയമിച്ചതോടെ സംഭരണ നടപടികൾ കൂടുതൽ പ്രതിസന്ധിയിലായെന്നും കത്തിൽ പറയുന്നു.
ജില്ലയിലെ നെല്ല് സംഭരണം കാര്യക്ഷമമായി നടപ്പാക്കാൻ കുറഞ്ഞത് നാല് പാഡി മാർക്കറ്റിംഗ് ഓഫീസർമാരെയെങ്കിലും നിയമിക്കേണ്ടത് അനിവാര്യമാണെന്ന് രമേഷ് പിഷാരടി ആവശ്യപ്പെട്ടു. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് സംഭരണ നടപടികളുടെ വേഗം കുറയ്ക്കുകയും കൊയ്ത്ത് കഴിഞ്ഞ നെല്ല് കർഷകർക്ക് സമയബന്ധിതമായി കൈമാറാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് വിലയിരുത്തൽ.
നെല്ല് സംഭരണം വൈകുന്നതോടെ കർഷകർക്ക് സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. സംഭരണത്തിലെ കാലതാമസം മുതലെടുത്ത് സ്വകാര്യ മില്ലുകൾ കുറഞ്ഞ വിലയ്ക്ക് നെല്ല് ഏറ്റെടുക്കുന്നതിലൂടെ കർഷകർ ചൂഷണത്തിന് ഇരയാകുന്നുവെന്നാണ് പരാതി.
ജില്ലയിൽ നെല്ല് സംഭരണം പൂർണതോതിൽ നടപ്പാക്കാനും കർഷകർക്ക് സംഭരണത്തിന്റെ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിക്ക് നൽകിയ കത്തിൽ രമേഷ് പിഷാരടി ആവശ്യപ്പെട്ടു. കൂടുതൽ പാഡി മാർക്കറ്റിംഗ് ഓഫീസർമാരെ നിയമിക്കുന്നത് സംഭരണ നടപടികൾ വേഗത്തിലാക്കാനും കർഷകരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.



