കാലവർഷം കനക്കുന്നു; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ച് സാങ്കേതിക സർവകലാശാല

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത്കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. വിവിധ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. മഴയ്ക്കൊപ്പം മിന്നലും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ 9 വരെ മത്സ്യബന്ധനം നിരോധിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതി സർവകലാശാല വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *